‘ബൈ നൗ, പേ ലേറ്റർ’ സേവനത്തിന് പുതിയ ചട്ടങ്ങളുമായി സി.ബി.ഒ
text_fieldsമസ്കത്ത്: ‘ബൈ നൗ, പേ ലേറ്റർ’ (ബി.എൻ.പി.എൽ) സേവനങ്ങൾക്കായി പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ). ഇടപാടുകളിൽ സുതാര്യതയും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കുന്നതാണ് പുതിയ നിയന്ത്രണം. ബാങ്കുകളുടെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയോ പോലെബി.എൻ.പി.എല്ലും കൃത്യമായ നിയമത്തിന് കീഴിലാവുന്നു എന്നതാണ് പ്രത്യേകത. ലൈസൻസിങ്, റിസ്ക് മാനേജ്മെന്റ്, കൃത്യമായ വെളിപ്പെടുത്തലുകൾ എന്നിവ നിർബന്ധമാക്കുന്നതിലൂടെ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങളുടെ വളർച്ചയും സാമ്പത്തിക സ്ഥിരതയും ലക്ഷ്യമിടുന്നതായി സി.ബി.ഒ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങളോ സേവനങ്ങളോ ഉടൻ ലഭ്യമാക്കി, മുൻകൂട്ടി നിശ്ചയിച്ച വ്യവസ്ഥകൾ പ്രകാരം പിന്നീട് തവണകളായി പണമടക്കാനുള്ള സൗകര്യം നൽകുന്ന ആധുനിക ധനസഹായ മാതൃകയാണ് ‘ബൈ നൗ, പേ ലേറ്റർ’ സേവനം. ഈ മാതൃകയുടെ ഉപയോഗം വർധിച്ചുവരുന്നതിനാൽ സാമ്പത്തിക നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഉപഭോക്തൃ സംരക്ഷണവും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്ന വ്യക്തമായ നിയന്ത്രണ ചട്ടം അനിവാര്യമായ സാഹചര്യത്തിലാണ് സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ നടപടി.
ഒരാൾക്ക് ഈ സൗകര്യം ഉപയോഗിച്ച് പരമാവധി 1,500 റിയാൽ വരെയുള്ള സാധനങ്ങളോ സേവനങ്ങളോ മാത്രമേ വാങ്ങാൻ കഴിയൂ. പണം തിരിച്ചടയ്ക്കാൻ പരമാവധി 12 മാസം സമയം ലഭിക്കും. അതേസമയം, ഈ പണം ഉപയോഗിച്ച് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാനോ, ക്രിപ്റ്റോ കറൻസികൾ വാങ്ങാനോ, ചൂതാട്ടത്തിനോ ഉപയോഗിക്കാൻ പാടില്ലെന്ന നിബന്ധനയുണ്ട്. ഈ സേവനം നൽകുന്ന കമ്പനികൾക്ക് കുറഞ്ഞത് 2,50,000 റിയാൽ മൂലധനം ഉണ്ടായിരിക്കണം. സേവനം ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന ഫീസുകൾ, തിരിച്ചടവ് തീയതികൾ, വൈകിയാൽ അടയ്ക്കേണ്ട പിഴ എന്നിവയെക്കുറിച്ച് കമ്പനികൾ ഉപഭോക്താവിന് വ്യക്തമായ വിവരം നൽകണം. ഹിഡൻ ചാർജുകൾ പാടില്ല. ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ച ശേഷമേ കമ്പനികൾക്ക് ഈ സേവനം നൽകാൻ കഴിയൂ എന്നതിനാൽ ഉപഭോക്താക്കൾ സാമ്പത്തികമായി വലിയ കടക്കെണിയിൽ വീഴുന്നത് തടയാൻ പുതിയ നിയന്ത്രണം സഹായിക്കും. സേവനത്തെക്കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് അറിയിക്കാൻ ഓരോ കമ്പനിക്കും കൃത്യമായ ഒരു സംവിധാനം ഉണ്ടായിരിക്കണം. കമ്പനിയിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ ഉപഭോക്താവിന് സെൻട്രൽ ബാങ്കിനെ സമീപിക്കാവുന്നതാണ്. ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങളും സാമ്പത്തിക വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കണം. ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഈ വിവരങ്ങൾ മറ്റ് കാര്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ല.
ആഡംബര വസ്തുക്കൾ വാങ്ങാനോ സാമ്പത്തികമായി ദോഷകരമായ രീതിയിലോ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകാൻ പാടില്ലെന്ന് കമ്പനികൾക്ക് നിർദ്ദേശമുണ്ട്. ചുരുക്കത്തിൽ, ഇടപാടുകൾ കൂടുതൽ വ്യക്തമാക്കാനും ഉപഭോക്താക്കളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാനുമാണ് ഈ നിയമം മുൻഗണന നൽകുന്നത്.
ഒമാനിൽ ബി.എൻ.പി.എൽ സേവനം നൽകണമെങ്കിൽ സി.ബി.ഒ നൽകുന്ന പ്രത്യേക ലൈസൻസ് നിർബന്ധമായും വാങ്ങിയിരിക്കണം. നിലവിൽ ബാങ്കുകൾക്കോ മറ്റ് ഫിനാൻസ് കമ്പനികൾക്കോ ലൈസൻസ് ഉണ്ടെങ്കിലും, ഈ സേവനം തുടങ്ങുന്നതിന് മുൻപ് സി.ബി.ഒയുടെ പ്രത്യേക അനുമതി തേടണം. കമ്പനിയുടെ ബിസിനസ് പ്ലാൻ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ വ്യക്തമാക്കുന്ന അപേക്ഷ നൽകണം.
ഉപഭോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാനുള്ള സൈബർ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക, സ്ഥാപനത്തിലെ പ്രധാന തസ്തികകളിൽ പ്രവർത്തിക്കുന്നവർക്ക് സി.ബി.ഒ നിശ്ചയിച്ച യോഗ്യത ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളുണ്ട്. വിദേശത്തുള്ള ബി.എൻ.പി.എൽ കമ്പനികൾക്ക് ഒമാനിൽ നേരിട്ട് പ്രവർത്തിക്കണമെങ്കിൽ ഒമാനിൽ തന്നെ കമ്പനി രജിസ്റ്റർ ചെയ്യുകയും സി.ബി.ഒയുടെ എല്ലാ നിയമങ്ങളും പാലിക്കുകയും വേണം. കൃത്യമായ സാമ്പത്തിക അടിത്തറയും സുരക്ഷിതമായ സാങ്കേതിക സംവിധാനവുമുള്ള കമ്പനികൾക്ക് മാത്രമേ ഇനി ഒമാനിൽ ഈ സേവനം നൽകാൻ അനുവാദമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

