അപകടങ്ങൾ തുടർക്കഥ; മസ്കത്ത് -സലാല പാതയിൽ ജാഗ്രത വേണം
text_fieldsമസ്കത്ത്: ഏകദേശം ആയിരം കിലോമീറ്റർ വരുന്നതാണ് മസ്കത്തിൽ നിന്നും സലാലയിലേക്കുള്ള റോഡ് യാത്ര. ദോഫാർ ഖരീഫ് സീസണിൽ നിരവധി യാത്രക്കാർ മസ്കത്തിൽനിന്നടക്കം സലാലയിലേക്ക് യാത്ര തിരിക്കാറുണ്ട്. എന്നാൽ, ഈ പാതയിലെ ചില പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം പലയിടത്തും അപകടസാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞദിവസങ്ങളിൽ തുടർച്ചയായ രണ്ടു അപകടങ്ങളിൽ മലയാളി യുവതിയടക്കം അഞ്ചുപേർ മരണപ്പെട്ടിരുന്നു. ഹൈമ മക്ഷിനിൽ നടന്ന അപകടത്തിലാണ് കണ്ണുർ സ്വദേശിനിയായ ഫാത്തിമത്ത് ഷാനയുടെ (24) ജീവൻ പൊലിഞ്ഞത്. നിമ്രിൽ നടന്ന അപകടത്തിൽ ജലാൻ ബാനി ബു അലിയിലെ ‘ദൗഹത്ത് അൽ ഇൽമ്’ സ്കൂളിലെ അധ്യാപികയും അവരുടെ മൂന്നുമക്കളുമാണ് മരണപ്പെട്ടത്.
സലാലയിലേക്കുള്ള ആഹ്ലാദ യാത്ര സങ്കടത്തിൽ അവസാനിക്കാതിരിക്കാൻ സുരക്ഷിത യാത്ര ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതിന് ഈ പാതയിലെ ഹൈ റിസ്ക് മേഖലകളെ കുറിച്ച് ഡ്രൈവർമാർ വ്യക്തമായി അറിഞ്ഞിരിക്കണം. റോഡിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും വൺ വേ സംവിധാനമില്ലാത്തതിനാൽ ഇത്തരം ഭാഗങ്ങളിൽ ഓവർടേക്കിങ് നടത്തുന്നത് അതീവ അപകടകരമാണ്. ഹൈമ, തുംറൈത്ത് മരുഭൂമി പാതകളിൽ ഒട്ടകങ്ങൾ കൂട്ടമായി റോഡ് മുറിച്ചുകടക്കുന്നത് ഈ റൂട്ടിലെ മറ്റൊരു വലിയ അപകടസാധ്യതയാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. നിമ്ര് മേഖലയിൽ പെട്രോളിയം ഫീൽഡുകൾ പ്രവർത്തിക്കുന്നതിനാൽ വലിയ വാഹനങ്ങളുടെയും ട്രെയിലറുകളുടെയും തിരക്കുമുണ്ടാകും.
ആദം - ഹൈമ പാത
നൂറുകണക്കിന് കിലോമീറ്റർ നീണ്ടുകിടക്കുന്ന ആദം - ഹൈമ പാത ഡ്രൈവർമാരിൽ കടുത്ത മടുപ്പും ഉറക്കച്ചടവും ഉണ്ടാക്കാനിടയുള്ളതാണ്. ഇത് നേർപത്‍യാണെന്നതാണ് പ്രധാന കാരണം. റോഡിൽ മറ്റു കാഴ്ചകൾ ഇല്ലാത്തതും ഒരേ വേഗതയിൽ ദീർഘദൂരം ഓടിക്കുന്നതും ഡ്രൈവർമാരുടെ ശ്രദ്ധ തിരിയാൻ കാരണമാകുന്നു.
ഖാബ മേഖല
ഈ ഭാഗങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ശക്തമായ മണൽക്കാറ്റ് കാരണം കാഴ്ച പൂർണമായും മറയാൻ സാധ്യതയുണ്ട്. കാറ്റിൽ വന്നടിയുന്ന മണൽ റോഡിൽ മണൽ തിട്ടകൾ രൂപപ്പെടുത്തുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. പെട്ടെന്ന് വാഹനം ബ്രേക്കിടാൻ ശ്രമിച്ചാൽ ടയർ മണലിൽ നിയന്ത്രണം വിടുകയും വാഹനം കരണം മറിയുകയും ചെയ്യുന്നത് പതിവാണ്.
താഖ - മിർബാത് ചുരം റോഡുകൾ
സലാലയോട് അടുക്കുമ്പോൾ തുംറൈത്ത് കഴിഞ്ഞുള്ള ചുരമിറക്കവും മലയോര പാതകളും കടുത്ത മൂടൽമഞ്ഞും ചാറ്റൽമഴയും നിറഞ്ഞതാണ് ഈ മേഖല. റോഡിലെ വഴുക്കലും പെട്ടെന്നുള്ള വളവുകളും ഇവിടെ വലിയ വാഹനങ്ങൾ നിയന്ത്രണം വിടാൻ കാരണമാകുന്നു. ഖരീഫ് സീസണിൽ പർവത മേഖലകളിൽ കാഴ്ച പലപ്പോഴും ഏതാനും മീറ്ററുകൾ മാത്രമായി ചുരുങ്ങുന്നതും അപകടത്തിലേക്ക് നയിക്കുന്നു. മുന്നിലുള്ള വാഹനങ്ങളോ റോഡിന്റെ വശങ്ങളോ കാണാൻ കഴിയാത്തതിനാൽ ഒരു വാഹനം മറ്റൊരു വാഹനത്തിലിടിക്കുകയും വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
യാത്ര സുരക്ഷിതമാക്കാം
യാത്ര പകൽ സമയത്താക്കുകയാണ് യാത്ര സുരക്ഷിതമാക്കാനുള്ള പ്രധാന മാർഗം. രാത്രികാലങ്ങളിലെ ഡ്രൈവിങ് പരമാവധി ഒഴിവാക്കുക. ഒട്ടകങ്ങളെയും വഴിയിലെ തടസ്സങ്ങളെയും പകൽ സമയത്ത് എളുപ്പത്തിൽ കാണാൻ സാധിക്കും. അതുപോലെ ആയിരം കിലോമീറ്ററിലേറെ വരുന്ന ദീർഘയാത്രയായതിനാൽ കൃത്യമായ ഇടവേളകൾ എടുക്കുക എന്നതും പ്രധാനമാണ്. ഓരോ 2-3 മണിക്കൂർ കൂടുമ്പോൾ വാഹനം നിർത്തി വിശ്രമിക്കുകയാണ് ഉചിതം. ഹൈമ, ഖാബ തുടങ്ങിയ സ്ഥലങ്ങളിലെ വിശ്രമകേന്ദ്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. മൂടൽമഞ്ഞുള്ളപ്പോൾ ഫോഗ് ലൈറ്റുകളും ഹെഡ്‌ലൈറ്റുകളും നിർബന്ധമായും ഓൺ ചെയ്യണം. അപകടമില്ലാത്ത സാഹചര്യങ്ങളിൽ ഹസാർഡ് ലൈറ്റുകൾ ഇട്ട് വണ്ടി ഓടിക്കാതിരിക്കാനും ശ്രദ്ധിക്കണം. അതോടൊപ്പം അമിതവേഗത പൂർണമായും ഒഴിവാക്കുകയും മുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുകയും ചെയ്യണം.
ഖരീഫ് യാത്രക്കാർക്ക് സുരക്ഷാ നിർദേശവുമായി ടൂറിസം മന്ത്രാലയം
മസ്കത്ത്: ഖരീഫ് സീസൺ ആസ്വദിക്കാൻ ദോഫാർ ഗവർണറേറ്റിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നവർ സുരക്ഷക്ക് മുൻഗണന നൽകണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൈതൃക-വിനോദസഞ്ചാര മന്ത്രാലയം ആവശ്യപ്പെട്ടു. നാഷനൽ റിസ്ക് രജിസ്റ്ററുമായി സഹകരിച്ചാണ് മന്ത്രാലയം യാത്രാ സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനം കൃത്യമായി പരിശോധിച്ച് മെക്കാനിക്കൽ തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ടയറുകളുടെ സ്ഥിതിയും എയർ പ്രഷറും പ്രത്യേകം പരിശോധിക്കണം. ദീർഘദൂര യാത്രയായതിനാൽ വഴിയിലുടനീളം വാഹനത്തിൽ ആവശ്യത്തിന് ഇന്ധനം ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിർദേശിച്ചു. മൂടൽമഞ്ഞും മഴയുമുള്ള സാഹചര്യങ്ങളിൽ മുന്നിലുള്ള വാഹനങ്ങളുമായി കൃത്യമായ സുരക്ഷിത അകലം പാലിക്കണമെന്നും അമിതവേഗത പൂർണമായും ഒഴിവാക്കണമെന്നും കൃത്യമായി കാഴ്ച ലഭിക്കാത്ത സാഹചര്യങ്ങളിൽ വേഗത കുറച്ച് സഞ്ചരിക്കണമെന്നും മന്രതാലയം ഡ്രൈവർമാരെ ഉണർത്തി. അനുവദനീയമായ സ്ഥലങ്ങളിൽ അല്ലാതെ ഒരുകാരണവശാലും മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കരുതെന്നും അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വാഹനത്തിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കരുതണമെന്നും അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

