കാർ തട്ടി പരിക്കേറ്റതായി അഭിനയിച്ച് സലാലയിൽ തട്ടിപ്പ്
text_fieldsസലാല: വാഹനം തട്ടി പരിക്കേറ്റതായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം സലാലയിലും. കോഴിക്കോട് സ്വദേശിക്ക് പണവും മറ്റുമായി ആയിരത്തോളം റിയാലിെൻറ സാധനങ്ങളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. സുൽത്താൻ ഖാബൂസ് മസ്ജിദിന് സമീപത്തെ അൽ ഹഖ് ബിൽഡിങ് ഭാഗത്തുനിന്ന് സനാഇയയിലേക്ക് പോവുന്നയാളാണ് തട്ടിപ്പുകാരുടെ വലയിൽ വീണത്. സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ സ്വദേശി വസ്ത്രം ധരിച്ചയാൾ ആളെ ഇടിച്ചിട്ട് എന്താണ് വാഹനം നിർത്താതെ പോകുന്നതെന്ന് ആക്രോശിച്ച് ഡോർ തുറന്ന് അകത്ത് കയറി. തുടർന്ന് ആളെ ഇടിച്ച് നിർത്താതെ പോയാലുണ്ടാകുന്ന ശിക്ഷയെക്കുറിച്ച് പറഞ്ഞ് പേടിപ്പിച്ച് വാഹനം തിരിച്ച് ഇടിച്ചയാളുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.
അൽ ഹഖ് ബിൽഡിങ്ങിന് മുന്നിലെത്തുമ്പോൾ കരഞ്ഞുകൊണ്ട് ഇരിക്കുന്ന അറബ് വംശജനെയാണ് കണ്ടത്. മധ്യസ്ഥെൻറ റോളിൽ വന്നയാൾ ഇയാളെ അടുത്ത സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ വാഹനമിടിച്ചതാണെന്നു പറഞ്ഞാൽ പ്രശ്നമാകുമെന്നതിനാൽ വീണതാണെന്നു പറഞ്ഞ് ഒറ്റക്ക് ചെന്നാൽ മതിയെന്നും ‘മധ്യസ്ഥൻ’ നിർദേശിച്ചു.
മലയാളിയിൽനിന്ന് ചികിത്സക്കായി പണവും വാങ്ങി നൽകിയ ശേഷം ‘പരിക്കേറ്റ’യാളെ ആശുപത്രിക്ക് മുന്നിൽ ഇറക്കി ഇരുവരും മടങ്ങി. ഇതിനിടെ ‘സ്വദേശി’ ഇയാൾക്ക് ടെലിേഫാൺ നമ്പറും നൽകിയിരുന്നു. ആശുപത്രിയിൽനിന്ന് കുറച്ചുദൂരം എത്തിയപ്പോൾ ഇറക്കിവിട്ടയാളുടെ ഫോൺ വന്നു. കൈക്ക് പൊട്ടലുണ്ടെന്നും മൂന്നു മാസത്തെ വിശ്രമം വേണമെന്നുമാണ് അയാൾ പറഞ്ഞതെന്ന് ‘മധ്യസ്ഥൻ’ മലയാളിയോട് പറഞ്ഞു. ഇയാളുടെ നിർദേശപ്രകാരം വീണ്ടും ആശുപത്രിയിൽ ചെന്നപ്പോൾ കൈകളിൽ പ്ലാസ്റ്ററിട്ട് അറബ് വംശജൻ നിൽക്കുന്നുണ്ടായിരുന്നു.
ജോലിക്ക് പറ്റാത്ത സാഹചര്യമായതിനാൽ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു അടുത്ത ആവശ്യം. കേസ് കോടതിയിൽ പോയാൽ ജയിലിൽ കിടക്കേണ്ടിവരുകയും ആയിരക്കണക്കിന് റിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് മലയാളിയുടെ കൈയിലുണ്ടായിരുന്ന പണവും വാച്ചുമുൾെപ്പടെ സാധനങ്ങൾ മധ്യസ്ഥെൻറ റോളിൽ വന്നയാൾ ഊരി വാങ്ങുകയായിരുന്നു.
സുഹൃത്തുക്കളെപോലും വിളിക്കാൻ അനുവദിക്കാതെ തട്ടിപ്പു സംഘം ആസൂത്രിതമായി കുടുക്കുകയായിരുന്നെന്ന് സലാലയിൽ വർഷങ്ങളായി താമസിക്കുന്ന കോഴിക്കോട് സ്വദേശി പറയുന്നു. തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഖരീഫ് സീസണിൽ കടകളിൽ അമ്പത് റിയാലിെൻറ നോട്ടുകൾ നൽകി തട്ടിപ്പ് നടത്തുന്നവരെക്കുറിച്ചും ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് കാശ് തട്ടുന്നവരെക്കുറിച്ചും വാർത്തകൾ ഉണ്ടായിരുന്നു.
സമാനരീതിയിലുള്ള തട്ടിപ്പ് 2014 അവസാനം മസ്കത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മലയാളികളടക്കം ഇന്ത്യക്കാരാണ് കൂടുതലും ഇതിന് ഇരയായിട്ടുള്ളത്. സിഗ്നലിൽ വാഹനങ്ങൾ വേഗതകുറയുേമ്പാളാണ് വിദേശികളുടെ വാഹനം നോക്കി റോഡ് മുറിച്ചുകടക്കാനെന്ന വ്യാജേന ആദ്യത്തെ തട്ടിപ്പുകാരൻ വരുക. കൈ വാഹനത്തിെൻറ അരികിലോ കണ്ണാടിയിലോ തട്ടിക്കുകയും ചെയ്യും. ഇടിച്ചത് കാണാത്തവരും ബോധപൂർവം നിർത്താതെ പോകുന്നവരും അടുത്ത സിഗ്നലിൽ വാഹനം നിർത്തുേമ്പാൾ സ്വദേശി വസ്ത്രം ധരിച്ച ‘മധ്യസ്ഥൻ’ കയറും.
അന്ന് തട്ടിപ്പിനിരയായവർ അപകടത്തിൽപെെട്ടന്ന് പറഞ്ഞയാളെ ഇറക്കിവിട്ട ക്ലിനിക്കുകളിൽ അന്വേഷിച്ചപ്പോൾ സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും തട്ടിപ്പുകാരാണ് അവരെന്നുമാണ് പറഞ്ഞത്. ആറും ഏഴും വർഷം മുമ്പും സമാനരീതിയിലുള്ള തട്ടിപ്പുകൾ മസ്കത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിർത്തിയിട്ട വാഹനങ്ങളിൽ വരെ വന്നിടിച്ച് മറിഞ്ഞുവീണ് പണം ആവശ്യപ്പെടുന്ന സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നും മലയാളികൾക്ക് പണം നഷ്ടമായിരുന്നു. വാഹനം തട്ടിയതായി ആരെങ്കിലും പറഞ്ഞാലോ അപകടത്തിൽ പെടുകയോ ചെയ്യുന്നപക്ഷം ഉടൻ പൊലീസിനെ വിവരമറിയിക്കുകയാണ് ഇത്തരം തട്ടിപ്പിനെതിരായ പ്രതിവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
