ഹൈമയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർ മരിച്ചു
text_fieldsഅദിശേഷ് ബാസവരാജ്, പവൻകുമാർ, പൂജ മായപ്പ, വിജയ മായപ്പ
സലാല: മസ്കത്ത് -സലാല റോഡിലെ ഹൈമയിൽ ട്രെയിലറും കാറും കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. തിങ്കളാഴ്ച രാത്രി 1 മണിയോടെയാണ് അപകടമുണ്ടായത്. കർണാടകയിലെ റായ്ചൂർ ദേവദുർഗ സ്വദേശികളായ അദിശേഷ് ബാസവരാജ് (35), ബന്ധുക്കളായ പവൻ കുമാർ, പൂജ മായപ്പ, വിജയ മായപ്പ എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഒരാൾക്ക് നിസ്സാരപരിക്കുണ്ട്. നിസ്വയിൽ ജോലി ചെയ്യുന്ന അദിശേഷും ബന്ധുക്കളും സലാല സന്ദർശിച്ച് തിരികെ മടങ്ങും വഴി ഹൈമ കഴിഞ്ഞ് 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. വിസിറ്റിങ് വിസയിലുള്ള ബന്ധുക്കൾ ഒമാൻ സന്ദർശനത്തിന് എത്തിയതാണെന്നാണ് മനസ്സിലാകുന്നത്. ഇവരുടെ മ്യതദേഹം ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ സലീം പറഞ്ഞു.
ഒമാനിലെ സ്ഥിരം അപകട മേഖലയാണ് ആദമിൽ നിന്ന് സലാലയിലേക്കുള്ള റോഡ്. അപകടങ്ങളൊഴിവാക്കാൻ ലക്ഷ്യമിട്ട് ആദമിൽ നിന്ന് തുംറൈത്തിലേക്കുള്ള ഇരട്ടപ്പാതയുടെ നിർമാണം പുരോഗമിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

