ഒമാനിൽ കാൻസർ കേസുകളിൽ വർധന
text_fieldsമസ്കത്ത്: ഒമാനിൽ കാൻസർ രോഗനിരക്കിൽ ഗണ്യമായ വർധനവുണ്ടായതായി ദേശീയ കാൻസർ രജിസ്ട്രി പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവര കണക്ക് റിപ്പോർട്ട് വ്യക്തമാക്കി.
2021 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. 2021-ൽ 2,510 കാൻസർ കേസുകളാണ് രജിസ്റ്റർ ചെയ്തത്. മുൻവർഷത്തിൽ ഇത് 2,198 ആയിരുന്നു. ഇതോടെ ഒരു വർഷത്തിനിടെ കേസുകളിൽ വ്യക്തമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്ത കേസുകളിൽ 2,318 എണ്ണം ഒമാനി പൗരന്മാരുടേതാണ്. ഇത് മൊത്തം കേസുകളുടെ 92 ശതമാനമാണ്. ഇതിൽ പുരുഷന്മാർ 994 (42.9%) ഉം സ്ത്രീകൾ 1,324 (57.1%) മാണ്. സ്വദേശികളല്ലാത്തവരിൽ 163 കേസുകൾ (ആറു ശതമാനം) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ, ഒമാനികളിൽ 29 പേരിൽ മറഞ്ഞു കിടക്കുന്ന കാൻസർ കേസുകളും കണ്ടെത്തിയതായി പറയുന്നു.
14 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികളിൽ 155 കാൻസർ കേസുകളും രേഖപ്പെടുത്തി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ കാൻസർ രജിസ്ട്രിയാണ് റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തിറക്കിയത്.
രോഗനിർണയ സമയത്തെ ശരാശരി പ്രായം സ്ത്രീകളിൽ കുറവാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകളിൽ ശരാശരി പ്രായം 47 ഉം പുരുഷന്മാരിൽ 58 ഉം വയസ്സാണ്. ദേശീയ കാൻസർ രജിസ്ട്രിയുടെ കണക്കുകൾ പ്രകാരം, സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടെത്തിയത് സ്തനാർബുദമാണ്; 393 കേസുകൾ. തുടർന്ന് തൈറോയ്ഡ് കാൻസർ-196, കൊളോറക്ടൽ കാൻസർ-93, ഹോഡ്ജ്കിൻ ലിംഫോമ-66, മസ്തിഷ്ക കാൻസർ-64 എന്നിവയാണ് കൂടുതലായി റിപ്പോർട്ട് ചെയ്തത്.
പുരുഷന്മാരിൽ ഏറ്റവും സാധാരണമായി കണ്ടെത്തിയിരിക്കുന്നത് കൊളോറക്ടൽ കാൻസറാണ് -121 കേസുകൾ. ഇതിന് പിന്നാലെ ലിംഫോമ-79, പ്രോസ്റ്റേറ്റ് കാൻസർ-77, തൈറോയ്ഡ് കാൻസർ-66, ലുക്കീമിയ-65 എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

