കാമ്പയിൻ ഫലംകണ്ടു: രക്തദാനത്തിന് ബോഷറിലെത്തിയത് 700 പേർ
text_fieldsമസ്കത്ത്: ബ്ലഡ് ബാങ്കുകളിൽ രക്തം കുറവായതിനാൽ രക്തദാനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് അധികൃതർ മാധ്യമങ്ങളിലൂടെ നടത്തിയ കാമ്പയിൻ വിജയമായി.
ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ മൂന്നു ദിവസത്തിനിടെ 700 പേരാണ് രക്തം ദാനംചെയ്യാൻ എത്തിയത്. ബോഷർ ബ്ലഡ് ബാങ്കിൽ ഈയാഴ്ച 500 യൂനിറ്റ് രക്തമായിരുന്നു വേണ്ടിയിരുന്നത്. ഇത് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിഞ്ഞ് 712 പേർ രക്തദാനം നടത്തിയെന്ന് ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സര്‍വിസസ് വിഭാഗം (ഡി.ബി.ബി.എസ്) അറിയിച്ചു. 30 പേർ പ്ലേറ്റ്ലറ്റുകളും ദാനംചെയ്തു. രക്തദാനത്തിന് തയാറായവർക്കും അതേക്കുറിച്ച് പ്രചരിപ്പിച്ചവർക്കും അധികൃതർ നന്ദി പറഞ്ഞു.
രാജ്യത്തെ ബ്ലഡ് ബാങ്കുകളിൽ കൂടുതലായി രക്തദാനം നടത്താൻ ജനങ്ങൾ തയാറാകണമെന്നായിരുന്നു ഡി.ബി.ബി.എസിന്റെ അഭ്യർഥന. രക്തദാനത്തിന് സ്വദേശികളും വിദേശികളുമടക്കമുള്ളവര്‍ മുന്നോട്ടുവരണമെന്ന അഭ്യർഥന അവർ വീണ്ടും ആവർത്തിച്ചു. നിലവിൽ രക്തത്തിന്റെ ആവശ്യകത വർധിക്കുകയും രക്തദാനം കുറയുകയും ചെയ്ത സാഹചര്യത്തിലാണിത്. രക്തത്തിന്റെ അഭാവത്തെ തുടര്‍ന്ന് രാജ്യത്ത് വ്യാപകമായി രക്തദാന ബോധവത്കരണം സമൂഹമാധ്യമങ്ങളില്‍ ഉൾപ്പെടെ ഡി.ബി.ബി.എസ് നടത്തിവരുന്നുണ്ട്. കൂട്ടമായുള്ള രക്തദാന ക്യാമ്പുകള്‍ക്കും അവസരം ഒരുക്കുന്നുണ്ട്.
ബ്ലഡ് ബാങ്കുകളില്‍ രാവിലെ എട്ടിനും രാത്രി എട്ടിനുമിടയില്‍ രക്തം ദാനം ചെയ്യാൻ സൗകര്യമുണ്ട്. ബ്ലഡ് ബാങ്കില്‍ ബന്ധപ്പെട്ട് നേരത്തേ സമയം ബുക്ക് ചെയ്യാനാകും. ഫോൺ: 24591255.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

