നബിദിനാഘോഷ ഓർമകളിലേക്ക് വാതിൽ തുറന്ന് 'കഫേ പള്‍സ്'
text_fieldsഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്‌റസയും ചേര്‍ന്ന് ഹോട്ടല്‍ തൊഴിലാളികള്‍ക്ക് നടത്തിയ
കഫേ പള്‍സ് മീലാദ് സംഗമത്തിൽനിന്ന്
മസ്കത്ത്: നാട്ടിൻപുറങ്ങളിൽ ആവേശപൂർവം കൊണ്ടാടിയിരുന്ന നബിദിനാഘോഷങ്ങളുടെ ഒർമകളിലേക്ക് വാതിൽ തുറന്ന് കഫേ പള്‍സ് മീലാദ് സംഗമം. ഐ.സി.എഫും റൂവി അല്‍ കൗസര്‍ മദ്‌റസയും ചേര്‍ന്ന് ഹോട്ടല്‍ തൊഴിലാളികള്‍ക്ക് നടത്തിയ പരിപാടി നാട്ടോര്‍മകളും പുത്തന്‍ അനുഭവങ്ങളും പങ്കുവെക്കാൻ ഉപകരിക്കുന്നതായി.
പകലന്തിയോളം ജീവിത വ്യവഹാരങ്ങളിൽ ഏർപ്പെടുന്ന കഫേ, റസ്റ്റാറന്റ്, കോഫി ഷോപ്, ഹോട്ടല്‍ ജീവനക്കാർക്ക് ഇത്തരം കൂടിച്ചേരലുകൾക്ക് പലപ്പോഴും വിരളമായ സമയമേ പ്രവാസലോകത്ത് ലഭിക്കാറുള്ളൂ. അതുകൊണ്ടുതന്നെ മദ്ഹ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മറ്റും ആലപിച്ചും പരിപാടി ആനന്ദകരമാക്കി. പലർക്കും മദ്റസ കാലയളവില്‍ അവതരിപ്പിപ്പിച്ച പ്രസംഗങ്ങളിലേക്കും പാട്ടുകളിലേക്കുമുള്ള തിരിച്ചുപോക്കായി പരിപാടി. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് അവരുടെ ജോലിക്ക് ശേഷമുള്ള സൗകര്യപ്രദമായ സമയത്തായിരുന്നു പരിപാടി നടത്തിയത്.
മീലാദ് പരിപാടികളില്‍ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കുകൊള്ളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. പി.വി.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. മുസ്തഫ കാമിലി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. റാസിഖ് ഹാജി, റഫീഖ് സഖാഫി, റഫീഖ് ധര്‍മടം, ജാഫര്‍ ഓടത്തോട് എന്നിവർ നേതൃത്വം നല്‍കി. ഇഹ്‌സാന്‍ എരുമാട് സ്വാഗതവും ഖാസിം ചാവക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

