കാഫ നാഷന്‍സ് കപ്പ്; തുർക്കിയയിൽ പരിശീലനവുമായി റെഡ്വാരിയേഴ്സ്
text_fieldsഒമാൻ താരങ്ങൾ തുർക്കിയയിൽ പരിശീലനത്തിൽ
മസ്കത്ത്: കാഫ നാഷന്‍സ് കപ്പിന് മുന്നോടിയായുള്ള രാജ്യാന്തര ക്യാമ്പിനായി ഒമാന്‍ ദേശീയ ടീം തുര്‍ക്കിയയിലെത്തി. പരിശീലകന് കാര്‍ലോസ് ക്വിറോസിന്റെ നേതൃത്വത്തില്‍ 30 അംഗ ടീം കഴിഞ്ഞദിവസം പരിശീലനത്തിലേർപ്പെട്ടു. ഇവിടെ പരിശീലനത്തിന് ശേഷമാകും കാഫ ടൂര്‍ണമെന്റിനായി ഉസ്ബകിസ്താനിലേക്കും തുടര്‍ന്ന് തജീകിസ്താനിലേക്കും യാത്ര തിരിക്കുക. താരങ്ങളുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് മികച്ച േപ്ലയിങ് ഇലവന് തെരഞ്ഞെടുക്കുന്നതിനുള്ള അവസരമാകും രാജ്യാന്തര ക്യാമ്പ്. ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലനങ്ങളിലും മൈതാനത്തും മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് കാഫ നാഷന്‍സ് കപ്പില്‍ പങ്കെടുക്കാനാകും.
കാര്‍ലോസ് ക്വിറോസിന് കീഴിലുള്ള ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് കാഫ നാഷന്‍സ് കപ്പ്. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് (കാഫ) സംഘടിപ്പിക്കുന്ന നാഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് വരാനുള്ള പ്രധാന മത്സരം.
തജീകിസ്താന്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് നാഷന്‍സ് കപ്പ്. ഗ്രൂപ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, തുര്ക്മെനിസ്താന് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. തജീകിസ്താന്, ഇറാന്, അഫ്ഗാനിസ്ഥാന്, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഗ്രൂപ് ബിയിലും അണിനിരക്കും.
ആഗസ്ത് 30ന് ഉസ്ബകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് കിര്‍ഗിസ്താനെയും അഞ്ചിന് തുര്‍ക്മെനിസ്താനെയും നേരിടും. സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍ പോരാട്ടങ്ങള്‍. ഗ്രൂപ് എയിയും ബിയിലെയും ഒന്നാംസ്ഥാനക്കാര് തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും.
ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും. അതേസമയം,ലോകകപ്പ് യോഗ്യത നേടാനുള്ള സുവർണാവസരമാണ് ടീമിന് മുന്നിലുള്ളതെന്ന് ദിവസങ്ങൾക്കുമുമ്പ് നടത്തിയ വാർത്തസമ്മേളനത്തിൽ കാർലോസ് ക്വിറോസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

