കേബ്ൾ തകർന്നു; ഒമാനിൽ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചു
text_fieldsമസ്കത്ത്: അന്താരാഷ്ട്ര സബ് മറൈൻ കേബിളുകളിൽ ഒന്ന് തകർന്നത് ഒമാന്റെ ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചതായി ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലെ എല്ലാ വാർത്തവിനിമയ കമ്പനികളുടെയും സേവനത്തെ ബാധിച്ചതായും അതോറിറ്റി വ്യക്തമാക്കി. സേവനങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുന്നത് മൂലമുണ്ടാവുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ അതോറിറ്റി മറ്റു കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ചെങ്കടലിൽ കേബ്ൾ തകർന്ന വിഷയത്തിൽ അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി അവരുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്. കേബിൾ തകരാറുണ്ടായ കാരണങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്നും ഈ വിഷയത്തിൽ സർക്കാറുകളെ ഇടപെടീക്കണമെന്നും അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി അറിയിച്ചിരുന്നു. ലോകാടിസ്ഥാനത്തിൽ കടലിനടിയിലൂടെ 400 കേബിളുകൾ 1.5 ദശലക്ഷം കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്നുണ്ട്. ഇത് നിത്യ ജീവിതവുമായി ഏറെ ബന്ധപ്പെട്ടതാണ്. ഇന്റർനെറ്റ് അടക്കമുള്ള എല്ലാ ഡിജിറ്റൽ ഡേറ്റകളിൽ 99 ശതമാനവും ഈ കേബിളുകൾ വഴിയാണ് കടന്നുപോവുന്നത്. ഒരോ വർഷം ശരാശരി 150 കേബിൾ തകരാറുകളെങ്കിലും സംഭവിക്കാറുണ്ട്. ഇവയിൽ അധികവും സംഭവിക്കുന്നത് മത്സ്യ ബന്ധനം കാരണവും കപ്പലുകൾ നങ്കൂരമിടുന്നതു കൊണ്ടുമാണ്. അതത് കമ്പനികളുമായി സഹകരിച്ച് കേബ്ൾ കേടുവരാനുള്ള കാരണം കണ്ടെത്തണമെന്നും കേടുപാടുകൾ തീർക്കണമെന്നും ബന്ധപ്പെട്ട സർക്കാറുകളോട് അന്താരാഷ്ട്ര കേബിൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

