പുതിയ വ്യവസായ നയത്തിന് മന്ത്രിസഭ അംഗീകാരം
text_fieldsബർക കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭ യോഗത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: രാജ്യത്തിന്റെ വ്യവസായ മേഖലക്ക് പ്രധാന്യം നൽകുന്നതും പ്രധാന സാമ്പത്തിക വൈവിധ്യവത്കരണ മാനദണ്ഡമാക്കുന്നതുമായ പുതിയ വ്യവസായനയം 2040ന് മന്ത്രി സഭ അംഗീകാരം നൽകി. ബർക കൊട്ടാരത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്ന നിരവധി തീരുമാനങ്ങളുണ്ടായത്. ഒമാനി വ്യവസായ ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും ആധുനിക സങ്കേതികവിദ്യയും ഉപരിതല സൗകര്യങ്ങളും നടപ്പാക്കുകയും നയത്തിന്റെ ഭാഗമാണ്.
ഓഹരി വിപണിയിൽ കൂടുതൽ വികസനമുണ്ടാക്കാനുള്ള നടപടികൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി കൂടുതൽ പ്രാദേശിക കമ്പനികളെ ഓഹരി വിപണിയിലേക്ക് ആകർഷിക്കാൻ നടപടികളെടുക്കുകയും സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. താൽപര്യമുള്ള കമ്പനികളെ സംയോജിപ്പിച്ച് ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള രാജകീയ ഉത്തരവും സുൽത്താൻ നടത്തിയിരുന്നു.
സ്വകാര്യ സ്ഥാപനങ്ങളെയും കുടുംബകമ്പനികളെയും ചെറുകിട ഇടത്തരം സംരംഭകരെയും ലക്ഷ്യംവെച്ച് ‘പ്രോമിസിങ് കമ്പനീസ് മാർക്കറ്റ് ’ എന്നപേരിൽ രണ്ടാമത്തെ സ്റ്റോക്ക് മാർക്കറ്റ് എക്സ്ചേഞ്ച് ആരംഭിക്കാനും നിർദേശം നൽകി. വഖഫ് സമ്പ്രദായം വികസിപ്പിക്കാനും ഈ മേഖലയിൽ പുതിയ കാഴ്ചപ്പാടുകൾ നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വഖഫ് ഫണ്ടുകൾ നിക്ഷേപരംഗത്ത് വിനിയോഗിക്കുന്നതിനായി ഒമാൻ എൻഡോവ്മെന്റ് ഫൗണ്ടേഷൻ രൂപവത്കരിക്കാനും സുൽത്താൻ ഉത്തരവിട്ടു. ഔഖാഫ് ഫണ്ടുകളും ബൈത്തുൽമാൽ ഫണ്ടുകളും ഈ സമിതിയായിരിക്കും നിക്ഷേപ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക. പാർപ്പിട മേഖലയുടെ വികസനത്തിനായി 70 ദശലക്ഷം റിയാലിന് കൂടി മന്ത്രിസഭ അംഗീകാരം നൽകി. ഈ ഫണ്ടിന്റെ ഒരു ഭാഗം റെഡിമെയ്ഡ് പാർപ്പിടങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കും.
സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ നൽകുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. ഗസ്സ വിഷയത്തിൽ അറബ് രാജ്യങ്ങളുമായും സുഹൃദ് രാജ്യങ്ങളുമായുമുള്ള പരസ്പര ബന്ധവും വിവിധ അറബ് രാജ്യങ്ങൾ സന്ദർശനം നടത്തിയത് കൊണ്ടുണ്ടായ നേട്ടങ്ങൾ സുൽത്താൻ മന്ത്രിസഭ യോഗത്തിൽ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

