കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പുമായി സി.എ.എ
text_fieldsമസ്കത്ത്: ചൊവ്വാഴ്ച വൈകുന്നേരം മുതൽ ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളെയും ബാധിക്കുന്ന വിധത്തിൽ വടക്കൻ, വടക്കുപടിഞ്ഞാറൻ കാറ്റുകൾ ശക്തമാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലായി കാറ്റ് തുടരാൻ സാധ്യതയുണ്ടെന്നും, മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിയും മണലും ഉയരുന്നത് മൂലം കാഴ്ചപരിധി കുറയാനിടയുണ്ടെന്നും അതോറിറ്റി അറിയിച്ചു.
കടൽപ്രദേശങ്ങളിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒമാൻ തീരത്ത് തിരമാല 2.5 മീറ്റർ വരെ ഉയരത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് സി.എ.എ വ്യക്തമാക്കി. ഇത് ചെറിയ ബോട്ടുകൾക്കും കടൽയാത്രകൾക്കും അപകട ഭീഷണിയുയർത്തും. മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
നിലവിലെ കാലാവസ്ഥ സാഹചര്യം കണക്കിലെടുത്താൽ, വടക്കൻ കാറ്റുകളുടെ സ്വാധീനത്തിൽ രാത്രിയിലും പുലർച്ചയുമുള്ള താപനില ഇനിയും കുറയാൻ ഇടയാക്കുമെന്നും സി.എ.എ വ്യക്തമാക്കി. ജബൽ ഷംസിൽ കഴിഞ്ഞ 24 മണിക്കുറിനിടെ താപനില -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
വടക്കൻ ദിശയിൽ നിന്നുള്ള സ്ഥിരമായ കാറ്റും ആകാശം തെളിഞ്ഞതുമാണ് ഒമാനിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രി സമയങ്ങളിൽ ചൂട് വേഗത്തിൽ കുറയാനിടയാക്കിയത്. ഇതിന്റെ ഫലമായി മലനിരകളിലും ഉയർന്ന പ്രദേശങ്ങളിലുമാണ് താപനില ഗണ്യമായി കുറഞ്ഞു. ജബൽ ഷംസ് പ്രദേശത്ത് ഏതാനും ദിവസമായി നല തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഞായറാഴ്ച ഇവിടെ 0.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.
ഉൾപ്രദേശങ്ങളിലും താപനില ശീതകാലത്തിലെ താഴ്ന്ന നിലയിലേക്ക് എത്തി. സൈഖിൽ 4.8 ഡിഗ്രി സെൽഷ്യസ്, യാങ്കൂലിൽ 9.5 ഡിഗ്രി എന്നിങ്ങനെ താപനില രേഖപ്പെടുത്തി.
നിസ്വയിൽ 11.5 ഡിഗ്രി, ഫഹൂദിൽ 11.5 ഡിഗ്രി, മക്ഷിനിൽ 11.3 ഡിഗ്രി, ഹൈമയിൽ 11.0 ഡിഗ്രി, സുനൈനയിൽ 11.6 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും താപനില കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

