വ്യാപാര പ്രമുഖന് മൂസ ഹുസൈൻ അല്‍ ബലൂശി നിര്യാതനായി
text_fieldsമത്ര: മത്രയിലെ തലമുതിര്‍ന്ന സ്വദേശി വ്യാപാരപ്രമുഖന് മൂസ ഹുസൈൻ അല്‍ ബലൂശി നിര്യാതനായി. ഹൃദയസംബന്ധമായ ചികിത്സക്കിടെ ആശുപത്രിയിലായിരുന്നു മരണം. മത്ര സൂഖില്‍ ദീർഘകാലമായി ബെഡ്, കാര്‍പെറ്റ് കച്ചവടമായിരുന്നു. മലയാളികളടക്കം നിരവധിപേരുടെ സ്പോണ്സര് കൂടിയാണ്. സ്വദേശി-വിദേശി വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരുമായും നല്ല രീതിയിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു.
കച്ചവടക്കാരും ഇടപാടുകാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ മധ്യസ്ഥനാവുകയും പക്ഷംചേരാതെ ഇടപെടുകയും ചെയ്യുന്നതുകൊണ്ട് സൂഖിലുള്ളവരുടെ അത്താണിയായിരുന്നു മൂസ ഹുസൈൻ. സൂഖിലുള്ള പല തര്‍ക്കങ്ങളിലും ദ്വിഭാഷിയായി സഹകരിക്കുന്നതിനാല്‍ വിദേശികള്‍ക്കിടയില്‍ അര്‍ബാബ് മൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യകാല കച്ചവടക്കാരെനന്ന നിലയില്‍ അതിരാവിലെ തന്റെ ഷോപ്പില്വരുന്ന പതിവ് കഴിഞ്ഞ ദിവസം പോലും അദ്ദേഹം മുടക്കിയിട്ടില്ലെന്ന് സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞു.

