മസ്കത്ത്: ഒമാനിലെ മികച്ച പാർക്കുകളിലൊന്നായ ബുർജ് അൽ സഹ്വയിൽ ഇന്നുമുതൽ പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽവരും. ഇന്ന് പൊതു അവധി ആയതിനാൽ തിങ്കളാഴ്ച മുതലാണ് നിയമം നടപ്പാവുക. പണം അടക്കാനുള്ള ഇലക്ട്രോണിക് കിയോസ്കുകൾ മസ്കത്ത് നഗരസഭ സ്ഥാപിച്ചുകഴിഞ്ഞു. രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പാർക്കിങ്ങിന് പണം നൽകേണ്ടത്. എന്നാൽ, വാരാന്ത്യ അവധി ദിവസങ്ങളിലും ഒമാൻ സർക്കാർ പ്രഖ്യാപിക്കുന്ന പൊതു അവധി ദിവസങ്ങളിലും പാർക്കിങ്ങിന് പണം നൽകേണ്ടതില്ല. നീണ്ടകാലത്തേക്ക് വാഹനങ്ങൾ പാർക്കിങ്ങിൽ നിർത്തിയിടുന്നത് ഒഴിവാക്കാനും ഇതുമൂലമുണ്ടാവുന്ന പ്രയാസങ്ങളും അപകടങ്ങളും ഒഴിവാക്കാനുമാണ് ഇവിടെ പാർകിങ്ങിന് ഫീസ് ഇൗടാക്കുന്നത്. വൈകുന്നേരങ്ങളിൽ പാർക്കിൽ വരുന്നവർക്കുള്ള സൗകര്യാർഥം പാർക്കിങ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
ഇവിടത്തെ പാർക്കിങ്ങിൽ നീണ്ട കാലം വാഹനങ്ങൾ നിർത്തിയിടുന്നതായും ഇങ്ങനെ വാഹനങ്ങൾ നിർത്തിയിട്ട് പലരും നാട്ടിലും മറ്റും പോയി വരുന്നതായും മസ്കത്ത് നഗരസഭ കണ്ടെത്തിയിരുന്നു. വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഒഴിവാക്കാനാണ് ആളുകൾ ഇവിടെ നിർത്തിയിട്ടിരുന്നത്. ഇതുമൂലം ഗതാഗത കുരുക്കും പാർക്കിലെത്തുന്നവർക്ക് വാഹന പാർക്കിങ്ങിന് സൗകര്യം ലഭിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഇൗ സാഹചര്യ ഒഴിവാക്കാൻ കഴിഞ്ഞ വർഷം മാർച്ച് മുതൽ ഇവിടെ പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളടക്കം ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ പുലർച്ച 12 വരെയുമായിരുന്നു ഇവിടെ പാർക്കിങ് അനുവദനീയം.
ഇതിന് ശേഷമാണ് ഇപ്പോൾ രാവിലെ സമയങ്ങളിൽ പെയ്ഡ് പാർക്കിങ് ആക്കാൻ തീരുമാനിച്ചത്. പാർക്കിങ്ങിലെ കിയോസ്കുകൾ വഴി പണമടക്കാൻ കഴിയും. കൂടാതെ മൊബൈൽ ആപ്ലിക്കേഷൻ, എസ്.എം.എസ്, നഗരസഭ ഒാൺലൈൻ വെബ്സൈറ്റ് വഴിയും നിരക്കുകൾ അടക്കാൻ കഴിയും.
മാസക്കാലത്തേക്ക് ഒന്നിച്ചും മസ്കത്ത് മുനിസിപ്പാലിറ്റിയിൽ നിന്ന് പാർക്കിങ് അനുമതിയും എടുക്കാവുന്നതാണ്. ഒമാനിലെ മികച്ച പാർക്കുകളിലൊന്നാണ് അൽ സഹ്വ പാർക്. മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന ഇൗ പാർക്ക് 2007 ഡിസംബറിലാണ് പൊതു ജനങ്ങൾക്ക് തുറന്നുകൊടുത്തത്.