കോവിഡ്: ബുറൈമി പഴം-പച്ചക്കറി മാർക്കറ്റ് അടച്ചു
text_fieldsബുറൈമി: കോവിഡ് രോഗികളുടെ എണ്ണം ഒാരോ ദിവസവും ഉയരുന്നതിനാൽ അതിജാഗ്രതയിൽ ബുറൈമി. നഗരസഭയുടെ മുൻ കരുതൽ നടപടികളുടെ ഭാഗമായി ബുറൈമി പഴം പച്ചക്കറി മാർക്കറ്റ് അനിശ്ചിത കാലത്തേക്ക് അടച്ചു. ശനിയാഴ്ച അർധരാത്രി 12.30ഒാടെയാണ് നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥർ നേരിെട്ടത്തി ഉടമകളോട് കട അടച്ചിടാൻ നിർദേശിച്ചത്.
കഴിഞ്ഞ ആഴ്ച മാർക്കറ്റിലെ മലയാളി കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ മാർക്കറ്റിൽ മൊത്തം അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി അറിയുന്നു. മാർക്കറ്റിലെ കച്ചവടക്കാരിൽ ഭൂരിഭാഗവും മലയാളികളാണ്. ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ബുറൈമിയിലെ കോവിഡ് രോഗികളുടെ എണ്ണം 83 ആയി ഉയർന്നിട്ടുണ്ട്.
എട്ടുപേർക്ക് മാത്രമാണ് അസുഖം ഭേദപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് രോഗികളുടെ എണ്ണം കാര്യമായി ഉയർന്നത്. സ്വദേശികളും വിദേശികളും സാമൂഹിക അകലം പാലിക്കുന്നത് അടക്കം പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.