ഒമാനിലെ മത്രയിൽ കെട്ടിടം തകർന്ന് തമിഴ്‌നാട് സ്വദേശി മരിച്ചു
text_fieldsമത്ര (ഒമാൻ): ഒമാനിലെ മത്രയിൽ കെട്ടിടം തകർന്ന് തമിഴ്‌നാട് സ്വദേശി മരിച്ചു. കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസക്കാരനായ തമിഴ്‌നാട് സ്വദേശി ദാസാണ് (57) കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽപെട്ട് ദാരുണമായി മരിച്ചത്. പയ്യന്നൂർ കവ്വായി സ്വദേശി സദാനന്ദൻ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച ദാസ്
മത്ര ഗരീഫയില്‍ ശനിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ഒമാന്‍ ഫ്ലവർ മില്ലില്‍ കയറ്റിറക്ക് ജോലിക്കാരായിരുന്നു ഇരുവരും. രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റ സദാനന്ദന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചയുടൻ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ സദാനന്ദൻ പുറത്തേക്ക് ഒാടി. ഇൗ സമയം ദാസ് ഉറങ്ങുകയായിരുന്നു. സ്ഫോടനത്തിൻെറ ആഘാതത്തില്‍ പഴയ ഒറ്റ നില കെട്ടിടം നിലം പൊത്തി.
സിവിൽ ഡിഫൻസ് എത്തിയാണ് ദാസിൻെറ മൃതദേഹം വീണ്ടെടുത്തത്. ജോസ്ഗിരി സ്വദേശി മരിയയാണ് മരിച്ച ദാസിൻെറ ഭാര്യ. ഒരു മകളുണ്ട്. മത്രയിൽ കെട്ടിടം തകർന്ന് ഏഷ്യൻ വംശജൻ മരിച്ചതായി സിവിൽ ഡിഫൻസും സ്ഥിരീകരിച്ചു. ഒരു വിദേശിയെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

