വാർഷിക ബജറ്റിന് സുൽത്താെൻറ അംഗീകാരം
text_fieldsമസ്കത്ത്: ഒമാെൻറ 2018ലെ ബജറ്റിന് പുതുവത്സര ദിനത്തിൽ സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് അംഗീകാരം നൽകി. സാമ്പത്തിക വൈവിധ്യവത്കരണത്തിൽ ശ്രദ്ധയൂന്നുന്ന ബജറ്റിന് 2018െല ആദ്യ ഉത്തരവിലൂടെയാണ് സുൽത്താൻ അംഗീകാരം നൽകിയത്. എണ്ണവില ബാരലിന് 50 യു.എസ് ഡോളർ എന്ന വില അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയിരിക്കുന്നതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് െചയ്തു. 950 കോടി റിയാലാണ് ബജറ്റിൽ മൊത്തം വരുമാനം കണക്കാക്കിയിരിക്കുന്നത്. 2017െല പ്രതീക്ഷിത വരുമാനത്തിലേറെ മൂന്ന് ശതമാനം കൂടുതലാണിത്.
മൊത്തം പൊതു ചെലവ് 1250 കോടി റിയാലാണ്. 2017നെ അപേക്ഷിച്ച് 80 കോടി റിയാൽ കൂടുതലാണ് ചെലവ്. ഏകദേശം 300 കോടി റിയാലിെൻറ കമ്മി ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. ആഭ്യന്തര ഉൽപാദന വളർച്ചയുടെ 10 ശതമാനമാണ് കമ്മി. ധനക്കമ്മിയുടെ 84 ശതമാനം (250 കോടി റിയാൽ) ആഭ്യന്തര-രാജ്യാന്തര സ്ഥാപനങ്ങളിൽനിന്ന് കടമെടുത്ത് നികത്താമെന്നാണ് ബജറ്റിലെ നിർദേശം. 50 കോടി റിയാൽ നിേക്ഷപങ്ങൾ പിൻവലിച്ച് കണ്ടെത്തും.
രാജ്യത്തിെൻറ സാമ്പത്തിക സുസ്ഥിരത നിലനിർത്താനാണ് 2018 സാമ്പത്തിക വർഷത്തെ ബജറ്റ് ലക്ഷ്യംവെക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സാമ്പത്തിക വളർച്ച നിരക്ക് വർധിപ്പിക്കാനും പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താനും ബജറ്റ് ലക്ഷ്യമിടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിർമാണം, ക്ഷേമമേഖല എന്നിവക്കായി 388 കോടി റിയാൽ ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. വൈദ്യുതി-പാചകവാതക സബ്സിഡികൾ, ഭവന-വികസന വായ്പകൾ, സർക്കാർ കമ്പനികൾക്കുള്ള പ്രവർത്തന സഹായം എന്നിവക്കായി 72.5 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. 2017ലെ ബജറ്റിനെ അപേക്ഷിച്ച് 33 കോടി റിയാലാണ് ഇതിൽ വർധന വരുത്തിയത്.
എണ്ണ-പ്രകൃതിവാതക ഉൽപാദനത്തിന് 120 കോടി റിയാൽ വകയിരുത്തി. കഴിഞ്ഞ വർഷത്തെ ബജറ്റിനെക്കാൾ 15 ശതമാനം കൂടുതലാണിത്. സ്വകാര്യവത്കരണ പദ്ധതി സർക്കാർ തുടരുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 2018ൽ പൊതുമേഖല കമ്പനികൾ സ്വകാര്യവത്കരിക്കാനുള്ള നടപടികളെടുത്തുകൊണ്ടിരിക്കുകയാണ്. നിക്ഷേപപദ്ധതിയുടെ നടത്തിപ്പിന് സ്വകാര്യ മേഖലയുടെ സംഭാവന 2017ൽ 60 ശതമാനമായതായി മന്ത്രാലയം അറിയിച്ചു. 2014ൽ ഇത് 52 ശതമാനമായിരുന്നു.
നിക്ഷേപ-ബിസിനസ് സാഹചര്യങ്ങൾ ശക്തിപ്പെടുത്തിയും സ്വകാര്യ-സർക്കാർ പങ്കാളിത്തവും സ്വകാര്യവത്കരണ പദ്ധതി ശക്തമാക്കിയുമാണ് ഇത് സാധ്യമാക്കിയത്.
എണ്ണവിലയുടെ ഉയർച്ച, സാമ്പത്തിക ൈവവിധ്യവത്കരണം, മാറുന്ന നിക്ഷേപ സാഹചര്യം എന്നിവ കാരണം ഒമാൻ സമ്പദ്മേഖല 2018ൽ മൂന്നു ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാനി തൊഴിലന്വേഷകർക്ക് പരിശീലനം നൽകുന്നതിൽ സർക്കാർ വളരെ പ്രാധാന്യം നൽകുന്നു. ഇതിന് ദേശീയ പരിശീലന ഫണ്ട് രൂപവത്കരിച്ചിട്ടുണ്ട്. പരിശീലന പരിപാടികൾക്കായി 620 ലക്ഷം റിയാലാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
യോഗ്യരായ പൗരന്മാർക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുന്നതിനുള്ള പണം സർക്കാർ ലഭ്യമാക്കും. ചെറുകിട സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും അവയുടെ വികസനത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള ഫണ്ടും സർക്കാർ വകയിരുത്തും. ബോണസ് ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളത്തിന് 330 കോടി റിയാലാണ് വകയിരുത്തിയിരിക്കുന്നത്. വികസനപദ്ധതികൾക്കായി 120 കോടി റിയാലും മാറ്റിവെച്ചു. എല്ലാ വികസന പദ്ധതികളും കാലതാമസം കൂടാതെ പൂർത്തിയാക്കും. സ്വകാര്യ-സർക്കാർ മേഖലകളിലായി 25,000 തൊഴിലന്വേഷകർക്ക് ജോലി ലഭ്യമാക്കണമെന്ന മന്ത്രിസഭ തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2017 അവസാനംവരെ 4800 പേർക്ക് ജോലി നൽകിയതായും ധനകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
