1.3 ശതകോടി റിയാൽ കമ്മി; അടുത്തവർഷം വരുമാനനികുതി ഇല്ല
text_fieldsമസ്കത്ത്: 2023ലെ ഒമാൻ പൊതുബജറ്റിൽ 1.3 ശതകോടി റിയാൽ കമ്മി. അടുത്ത വർഷം 12.950 ശതകോടി റിയാലിന്റെ പൊതുചെലവാണ് പ്രതീക്ഷിക്കുന്നത്. ഇത് ഈവർഷത്തെ ബജറ്റിനെക്കാൾ ഏഴ് ശതമാനം കൂടുതലാണ്. സുല്‍ത്താനേറ്റില്‍ അടുത്തവര്‍ഷം ആദായനികുതി ഏര്‍പ്പെടുത്തില്ല. വാറ്റുനിരക്കും വര്‍ധിപ്പിക്കുകയില്ല. അടുത്ത വർഷം 11.650 ശതകോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നു. ഇത് ഈ വർഷത്തെക്കാൾ പത്ത് ശതമാനം കൂടുതലാണ്. പുതിയ വർഷത്തെ ബജറ്റ് സംബന്ധമായ വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിക്കവെ ധനകാര്യമന്ത്രാലയം അണ്ടർ സെക്രട്ടറി നാസർ അൽ മആവലിയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ശരാശരി എണ്ണവില 55 ഡോളർ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയിട്ടുള്ളത്. നടപ്പ് സാമ്പത്തിക വർഷം എണ്ണവില വർധിച്ചതടക്കമുള്ള കാരണങ്ങളാൽ 1.146 ശതകോടി റിയാൽ മിച്ചമായിരുന്നു. 2022ൽ ശരാശരി എണ്ണവില 94 ഡോളറാണ്. ഇതനുസരിച്ച് മൊത്തം വരുമാനം 14. 234 ശതകോടി റിയാലും മൊത്തം പൊതുചെലവ് 13. 88 ശതകോടി റിയാലുമായിരുന്നു. അടുത്ത വർഷം ദിവസം 1.175 ദശലക്ഷം ബാരൽ എണ്ണയാണ് ഉൽപാദിപ്പിക്കുക. എണ്ണ എണ്ണയിതര വരുമാനം വർധിക്കുന്നത് കാരണം അടുത്തവർഷം അഞ്ച് ശതമാനം സാമ്പത്തികവളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
പ്രകൃതിവാതക മേഖല പൂർണമായി നിയന്ത്രിക്കാനായി ഇൻറഗ്രേറ്റഡ് ഗ്യാസ് കമ്പനി സ്ഥാപിക്കുന്നത് സർക്കാറിന്റെ പരിഗണനയിലുണ്ട്. പ്രകൃതിവാതകം വാങ്ങൽ, വിൽക്കൽ, അതിന്റെ എല്ലാഭാഗങ്ങളും നിയന്ത്രിക്കൽ, കയറ്റുമതി, ഇറക്കുമതി അടക്കമുള്ളവയുടെ ഉത്തരവാദിത്തവും ബാധ്യതയും പ്രസ്തുത കമ്പനിക്കായിരിക്കും.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഇൻവെസ്റ്റ് ഈസി പദ്ധതി നടപ്പാക്കിയശേഷം 8,02,524 അപേക്ഷകളാണ് സമർപ്പിച്ചത്. ഇതിൽ 7,65,324 അപേക്ഷകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ 17 മുതൽ 100 ശതമാനം വരെ കുറക്കാനുള്ള തീരുമാനം സാമ്പത്തികമേഖലക്ക് പ്രയോജനം ചെയ്തു. ബിസിനസ് സംരംഭങ്ങൾക്കായി അടുത്ത വർഷം ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി 1.9 ശതകോടി റിയാൽ ചെലവഴിക്കും. നിലവിലുള്ള പദ്ധതികളുടെ വികസനവും വിപുലീകരണവും നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ പൂർത്തീകരണം പുതിയ പദ്ധതികൾ നടപ്പാക്കൽ എന്നിവക്കാണ് പണം നൽകുക. എണ്ണവില വർധിച്ചത് കോവിഡ് പ്രതിസന്ധിമൂലം തകരാറിലായ സാമ്പത്തികമേഖലയെ കരകയറ്റാൻ സഹായകമായി. ഇതുകാരണം ഈവർഷം ആദ്യപകുതിയിൽ മുൻവർഷത്തെക്കാൾ 30.4 ആഭ്യന്തരവളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
പുത്തൻ പദ്ധതികൾ:
അടുത്തവർഷം നിരവധി പദ്ധതികൾ സർക്കാറിന്റെ പരിഗണനയിലുണ്ട്. വിവിധ ഗവർണറേറ്റുകളിൽ 15 സ്കൂളുകൾ, നിരവധി ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കൽ, റോഡുകൾ ഇരട്ടിക്കൽ, നാചുറൽ പാർക്ക്, ഡാം എന്നിവ നിർമിക്കൽ, മഹൂത്ത് വിലായത്തിൽ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കൽ, ബിസിനസ് അനുകൂല സാഹചര്യം ഉണ്ടാക്കാൻ 35 പുതിയ നിയമങ്ങളും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

