സഹോദര തുല്യനായ അലി...
text_fieldsഅലി അൽ ആബ്രിയുടെ കൂടെ അഹമ്മദ് റാഫി ചെറുവോട്ട്
ഒമാനികളുടെ സൗഹൃദകഥകൾ എത്ര വാഴ്ത്തിയാലും മതിയാവില്ല. അത്രയും വിശാല ഹൃദയരും അതിഥികളെ സ്വീകരിച്ച് അവരെ ചേർത്തുനിർത്താൻ കാണിക്കുന്ന മനസ്സ് കണ്ടും അനുഭവിച്ചും ഒമാനിൽ അധ്യാപക ജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ. പഠിപ്പിച്ച കുട്ടികളിൽ ഇന്നും ബന്ധങ്ങൾ സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. ഗുരു ശിഷ്യ ബന്ധം പിന്നീട് സുഹൃദ് ബന്ധത്തിലെത്തി.
സഹോദര തുല്യം സ്നേഹം കാണിക്കുന്ന ചിലരുമുണ്ട് അതിൽ. മറക്കാൻ പറ്റാത്ത നന്മക്കുടമയാണ് അല്‍ ഹമറ സ്വദേശിയായ അലി അൽ ആബ്രി. കോഴിക്കോട് തെൻറ സഹോദരെൻറ ചികിത്സക്കായി വന്നപ്പോൾ കിട്ടുന്ന ഒഴിവുസമയം ഇംഗ്ലീഷ് പഠിക്കാനെത്തിയപ്പോഴാണ് ഇദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത്. ചികിത്സക്കു ശേഷം ഒമാനിലേക്ക് അലി തിരിച്ചുപോയെങ്കിലും അത് ഒരു നല്ല സൗഹൃദമായി തുടർന്നു. പിന്നീട് ഒമാനിെല കോളജിൽ ജോലി കിട്ടി പുതുക്കക്കാരനായി എയർപോർട്ടിൽ എത്തിയപ്പോൾ സ്വീകരിക്കാന്‍ അവിടെ അലി ഉണ്ടായിരുന്നു. ആ സൗഹൃദം വളര്‍ന്ന് ഇപ്പോള്‍ അവരിലെ ഒരംഗത്തെ പോലെ എന്നെയും കുടുംബത്തെയും സ്വീകരിച്ചിരിക്കുന്നു.
പൊലീസ് സേനയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്നയാളാണ് ഇദ്ദേഹം. അലിയുടെ കുട്ടികളും എെൻറ കുട്ടികളും ഒരുമിച്ചു കളിക്കുമ്പോൾ ഒരു മറുനാട്ടുകാരനാണെന്നുള്ള അകൽച്ച എനിക്ക് ഉണ്ടാകാറില്ല. എന്തു കാര്യത്തിനും ഞാൻ ആദ്യം വിളിക്കുക ഇദ്ദേഹത്തെ ആണ്. പുതിയ വീടിെൻറ താമസവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകുമ്പോൾ വിലകൂടിയ ഈത്തപ്പഴവുമായാണെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ കൂടെ വരാൻ കഴിയാത്തതിെൻറ പ്രയാസവും പങ്കുവെച്ചു. പുതിയ വീട്ടിലേക്ക് ഞാനും കുടുംബവും താമസിയാതെ വരും എന്ന വാക്കും നൽകിയാണ് എന്നെയും കുടുംബത്തെയും യാത്രയയച്ചത്. ഒരിക്കല്‍ തെൻറ സുഹൃത്തുക്കളോടൊപ്പം കടലില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ എന്നെയും കൂടെ കൂട്ടിയിരുന്നു. എന്നും മലയാളികളെയും കേരളത്തെയും സ്നേഹിക്കുന്ന അലി വയനാട് കാണാനുള്ള മോഹവും കേരളത്തിെൻറ പ്രകൃതിഭംഗിയും ആവേശത്തോെടയാണ് വിവരിക്കാറുള്ളത്.
-അഹമ്മദ് റാഫി ചെറുവോട്ട്, യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയൻസ് മസ്കത്ത്