ബൗഷര്‍ ഇന്ത്യന്‍ സ്കൂളിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsബൗഷര്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ബിരുദദാന ചടങ്ങ്
മസ്കത്ത്: ബൗഷര്‍ ഇന്ത്യന്‍ സ്കൂളില്‍ 2024-25 ബാച്ചിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മസ്കത്ത് ഗവര്‍ണറേറ്റിലെ തൊഴില്‍ മന്ത്രാലയം അസി. ജനറല്‍ മാനേജര്‍ അബ്ദുല്‍ അസീസ് അല്‍ റവാഹി മുഖ്യാതിഥിയായി. ബൗഷര്‍ ഇന്ത്യന്‍ സ്കൂളിന്റെ ഡയറക്ടറും ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അക്കാദമിക് ചെയറുമായ അശ്വിനി സാവിര്ക്കര് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ബോര്‍ഡ് സീനിയര്‍ പ്രിന്‍സിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി.വിനോബ, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഷണ്മുഖം പുരുഷോത്തമന്, സൗമ്യ പരമേശ്വരന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ബിരുദം നേടിയ വിദ്യാര്‍ഥികളുടെ അക്കാദമിക് നേട്ടങ്ങളും നാഴികക്കല്ലുകളും ആഘോഷിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ഒത്തുകൂടി. ജ്ഞാനത്തിന്റെയും അറിവിന്റെയും പ്രതീകമായ വിളക്ക് കൊളുത്തിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.
തുടര്‍ന്ന് മുഖ്യാതിഥിയെയും മറ്റ് വിശിഷ്ട വ്യക്തികളെയും ഊഷ്മളമായി സ്വീകരിച്ചു. ഈ സുപ്രധാന സന്ദര്‍ഭം രൂപപ്പെടുത്തുന്നതില്‍ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമര്‍പ്പണത്തെ അഭിനന്ദിച്ച് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.പ്രഭാകരന് എല്ലാവര്ക്കും ഹൃദയംഗമമായ സ്വാഗതം ആശംസിച്ചു.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരേഡ് ശ്രദ്ധയയാകര്ഷിച്ചു. ചടങ്ങില്‍, ഒമാനിന്റെയും ഇന്ത്യയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു. സ്കൂള്‍ ലീഡര്‍മാരായ വൈഷ്ണവ് ബിനേഷ്, ഹന്ന എലിസബത്ത് ജോര്‍ജ് എന്നിവര്‍ ബൗഷര്‍ ഇന്ത്യന്‍ സ്കൂളിലെ അനുഭവങ്ങള്‍ അനുസ്മരിച്ചു. വിദ്യാർഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ ഒരുക്കിയ സംഗീത വിരുന്നും ശ്രദ്ധേയമായി. മുഖ്യാതിഥിയുടെ പ്രസംഗം, വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസത്തെയും ലക്ഷ്യബോധത്തെയും ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചു.
ചടങ്ങില്‍ വിദ്യാർഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. സ്കൂളില്‍ പഠന പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ പ്രഭാകരന് പിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ അവരുടെ അധ്യാപകര്‍ പകര്‍ന്നു നല്കിയ മൂല്യങ്ങളും ധാർമികതയും ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുത്തു. വിദ്യാര്‍ഥികള്‍ ഒരുക്കിയ നൃത്ത വിരുന്നും ശ്രദ്ധേയമായി. വൈസ് പ്രിന്‍സിപ്പല്‍ അംബിക പത്മനാഭന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

