ബൗഷർ കപ്പ്: ഡൈനാമോസ് എഫ്.സി ജേതാക്കൾ
text_fieldsബൗഷർ കപ്പിൽ ജേതാക്കളായ ഡൈനാമോസ് എഫ്.സി
മസ്കത്ത്: ഒമാനിലെ ജനപ്രിയ സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളിൽ ഒന്നായ ബൗഷർ കപ്പിന്റെ അഞ്ചാമത് പതിപ്പിൽ ഡൈനാമോസ് എഫ്.സി ജേതാക്കളായി. ജി.എഫ്.സി ഗ്രൗണ്ടിൽ നടന്ന കലാശക്കളിയിൽ ബൗഷർ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 16 ടീമുകൾ ആയിരുന്നു മാറ്റുരച്ചത്. ലയൺസ് മസ്കത്ത് എഫ്.സി മൂന്നാം സ്ഥാനവും യുനൈറ്റഡ് കേരള എഫ്.സി ഫെയർ പ്ലേ അവാർഡും നേടി.
ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. ലോക കേരള സഭ അംഗങ്ങളായ വിൽസൺ ജോർജ്, ഷാജി സെബാസ്റ്റ്യൻ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി അനു ചന്ദ്രൻ, കേരള വിങ് കൺവീനർ സന്തോഷ് കുമാർ, കോ കൺവീനർ കെ.വി. വിജയൻ, സാമൂഹിക പ്രവർത്തകരായ സുധി, റിയാസ്, മൊയ്തു തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റിനോട് അനുബന്ധിച്ച് വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത പ്രദർശന മത്സരവും സംഘടിപ്പിച്ചു. ബൗഷർ എഫ്.സിയുടെ സൽമാനാണ് ടോപ് സ്കോറർ. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി ഡൈനോമോസ് എഫ്.സിയുടെ നദീം, മികച്ചഗോൾ കീപ്പർ -അഖിൽ (ബൗഷർ എഫ്.സി), മികച്ച ഡിഫൻസ് താരം - ജിജാസ് (ബൗഷർ എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു.
ഫൈനലിലെ മാൻ ഓഫ് ദി മാച്ചിന് റിനിൽ (ഡൈനാമോസ് എഫ്.സി) അർഹനായി. വിമൽ ആണ് കലാശക്കളിയിലെ മികച്ച ഗോൾ കീപ്പർ. ടൂർണമെന്റിൽ സഹകരിച്ച എല്ലാ ടീമുകൾക്കും സ്പോൺസർമാർക്കും സംഘാടക സമിതി ഭാരവാഹികളായ ബിജോയ് പാറാട്ട് , വിജയൻ കരുമാണ്ടി എന്നിവർ നന്ദി അറിയിച്ചു.