ഒമാനിലും വള്ളംകളി നടത്തണം -അംബാസഡർ
text_fieldsമസ്കത്തിൽ നായർ ഫാമിലി യൂനിറ്റി സംഘടിപ്പിച്ച ‘ചിങ്ങപ്പൊന്നോണം’ പരിപാടിയിൽ ഭാരത കേസരി പ്രതിഭ പുരസ്കാരം സംഗീത സംവിധായകൻ എം. ജയചന്ദ്രന് സമ്മാനിക്കുന്നു
മസ്കത്ത്: ഒമാനിൽനിന്ന് ഓണാഘോഷത്തിന്റെ ഭാഗമായ എല്ലാ ചടങ്ങുകളും ആസ്വദിക്കാൻ കഴിഞ്ഞെന്നും എന്നാൽ, വള്ളംകളി മാത്രം കാണാൻ കഴിഞ്ഞില്ലെന്നും അതിനാൽ മലയാളികൾ ഒമാനിൽ വള്ളംകളി സംഘടിപ്പിക്കണമെന്ന് ഇന്ത്യൻ അംബാസഡർ അമിത് നാരങ്ക്. മസ്കത്തിൽ നായർ ഫാമിലി യൂനിറ്റി സംഘടിപ്പിച്ച 'ചിങ്ങപ്പൊന്നോണം' പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അംബാസഡർ. ഈ വർഷം നിരവധി ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഇത് എട്ടാമത്തെ പരിപാടിയാണ്.
ആദ്യ ഓണാഘോഷം ഇന്ത്യൻ എംബസിയിലെ മലയാളിജീവനക്കാർ സംഘടിപ്പിച്ചതായിരുന്നു. സദ്യ കഴിക്കാനും മഹാബലിയുടെ പ്രതിരൂപത്തെ കാണാനും കഴിഞ്ഞു. ഇത്രയും ചടങ്ങുകളിൽ പങ്കെടുത്തതോടെ ഓണത്തിന്റെ ആഘോഷ രീതികൾ അടുത്തറിയാൻ കഴിഞ്ഞു. എന്നാൽ, വള്ളംകളി മാത്രം കാണാൻകഴിഞ്ഞില്ല. മലയാളികൾ വിചാരിച്ചാൽ നമ്മുടെ അടുത്തുള്ള കടലിൽ അത് സംഘടിപ്പിക്കാൻ കഴിയുമെന്നും തമാശരൂപത്തിൽ അംബാസഡർ പറഞ്ഞു.
അൽ ഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. നായർ സർവിസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഭാരത കേസരി പ്രതിഭപുരസ്കാരം മുഖ്യാതിഥിയായ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഏറ്റുവാങ്ങി.
എസ്.എസ്.എൽ .സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണവും മസ്കത്തിലെ പൊതുസമൂഹത്തിൽ വിവിധ നേട്ടങ്ങൾ കരസ്ഥമാക്കിയ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വൈസ് പ്രസിഡന്റ് ഹരികുമാർ സ്വാഗതവും ജനറൽ സെക്രട്ടറി ജയരാജൻ പിള്ള നന്ദിയും പറഞ്ഞു. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷഭാഗമായി ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

