ബോട്ട് തകരാറിലായി; കടലിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷിച്ചു
text_fieldsകപ്പലിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗിയെ ആശുപത്രിയിൽ കൊണ്ടുപോകാനായി റോയൽ ഒമാൻ എയർഫോഴ്സ് എയർ ലിഫ്റ്റ് ചെയ്യുന്നു
മസ്കത്ത്: ബോട്ട് തകരാറിലായതിനെ തുടർന്ന് നടുക്കടലിൽ കുടുങ്ങിയ മൂന്നുപേരെ റോയൽ ഒമാൻ എയർഫോഴ്സ് രക്ഷിച്ചു. സലാല തുറമുഖത്ത് നിന്ന് പതിനാല് നോട്ടിക്കൽ മൈൽ അകലെയായിരുന്നു വാണിജ്യ ബോട്ട് തകരാറിലായത്. ഇതിലുണ്ടായിരുന്ന മൂന്നുപേരെ റോയൽ ഒമാൻ എയർഫോഴ്സിന്‍റെ ഹെലികോപ്ടറിൽ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ശനിയാഴ്ച ദോഫാർ ഗവർണറേറ്റിലെ ഉൾക്കടലിൽ ഉരുമറിഞ്ഞ് അപകടത്തിൽപെട്ട 12 ഇന്ത്യക്കാരെ റോയൽ ഒമാൻ എയർഫോഴ്സിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയിരുന്നു. 10 ഗുജറാത്ത് സ്വദേശികളും രണ്ട് ഉത്തർ പ്രദേശുകാരുമായിരുന്നു ഉരുവിലുണ്ടായിരുന്നത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ മറ്റൊരു സംഭവത്തിൽ താഖാ വിലായത്തിൽ ഉരുമറിഞ്ഞ് രണ്ട് ഇന്ത്യക്കാർ മരിക്കുകയും ചെയ്തിരുന്നു. യു.പി, ഗുജ്റാത്ത് സ്വദേശികളാണ് മരിച്ചത്. എട്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു.
കപ്പലിലെ രോഗിയെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു
മസ്കത്ത്: കപ്പലിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗിയെ റോയൽ ഒമാൻ എയർഫോഴ്സിന്‍റെ ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു. സുൽത്താനേറ്റിന്റെ അതിർത്തിയിലൂടെ കടന്നുപോയ വാണിജ്യ കപ്പലിലെ ജീവനക്കാരനെയാണ് സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലെത്തിച്ചത്. ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

