രക്തദാനം ചെയ്യാം; ജീവനു കരുതലാവാം
text_fieldsമസ്കത്ത്: രക്തദാനം സമീപകാലത്തു കുറഞ്ഞതിനാൽ സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് നിലവിൽ പ്രതിദിനം ഏകദേശം 200 രക്തദാതാക്കൾ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടുത്ത കാലത്തായി രക്തദാതാക്കൾ കുറവായിരുന്നു. അതേസമയം രക്ത യൂനിറ്റുകളുടെയും അതിന്റെ ഘടകങ്ങളുടെയും ആവശ്യം ക്രമാനുഗതമായി ഉയരുകയാണ്. ഞങ്ങൾക്ക് പ്രതിദിനം ഏകദേശം 200 രക്തദാതാക്കളും 140 രക്ത യൂനിറ്റുകളും ആവശ്യമാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ ബ്ലഡ് ബാങ്ക് സേവന വകുപ്പിലെ ഡോണർ അഫയേഴ്സ് മേധാവി മൊഹ്സിൻ ഷിറിയാനി പറഞ്ഞു. റോഡപകടങ്ങളിലോ ദുരന്തങ്ങളിലോ പരിക്കേറ്റവർ, ശസ്ത്രക്രിയക്കിടെ രക്തസ്രാവം, മാരകമായ രക്ത രോഗങ്ങൾ, അസ്ഥിമജ്ജ പരാജയം, ചില ജനിതക രക്ത രോഗങ്ങൾ, ട്യൂമറുകൾ, ചില പ്രസവങ്ങൾ തുടങ്ങിയവരൊക്കെയാണ് രക്തം ആവശ്യമായി വരുന്ന മെഡിക്കൽ കേസുകളിൽ ഉൾപ്പെടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ആരോഗ്യ സ്ഥാപനങ്ങൾക്കായി രക്തവും അതിന്റെ ഘടകങ്ങളും ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് സംരക്ഷിക്കുന്നുണ്ട്. രക്തത്തിന്റെയും അതിന്റെ ഘടകങ്ങളുടെയും സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ദാതാക്കളെ പരിശോധിക്കുകയും ചെയ്യുന്നു. രക്തം ശേഖരിച്ച ശേഷം, അത് വേർതിരിച്ച് ആരോഗ്യ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വിവിധ അധികാരികളുമായി സഹകരിച്ചു പതിവായി രക്തദാന കാമ്പയ്നുകൾ സംഘടിപ്പിക്കുന്നുണ്ട്. മലയാളികളുടേതടക്കം വിവിധ പ്രവാസി കൂട്ടായ്മകൾ ഈ കാമ്പയിനുകളിൽ പങ്കാളിയാകാറുണ്ട്.
അതേ സമയം, രക്തത്തിന് കടുത്ത ക്ഷാമം നേരിടുന്നതിനാൽദാനം ചെയ്യാൻപൗരന്മാരോടും താമസക്കാരോടും അടിയന്തരമായി ആവശ്യപ്പെടുകയാണെന്ന് ഷിറിയാനി അറിയിച്ചു. താൽപര്യമുള്ളവർക്ക് ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.30 വരെയും രക്തം ദാനം ചെയ്യാൻ എത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

