പൊതുയിടങ്ങളിലെ പക്ഷിശല്യം നടപടി ശക്തമാക്കി അധികൃതർ
text_fieldsറുവി എം.ബി.ഡി ഏരിയയിലെ പ്രാവിൻകൂട്ടം. ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് നിരോധനം
ഏർപ്പെടുത്തിയുള്ള ബോർഡും കാണാം -ബിനു എസ്. കൊട്ടാരക്കര
മസ്കത്ത്: ഒമാനിൽ മൈന, പ്രാവ്, കാക്ക എന്നിവയുടെ ശല്യം രൂക്ഷമായതായി പരാതികൾ വർധിച്ചതോടെ നടപടി ശക്തമാക്കി അധികൃതർ. ഇതിന്റെ ഭാഗമായി പൊതുയിടങ്ങളിൽ പക്ഷികൾക്ക് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് നിരോധനം നിലവിൽവന്നു. ഇത് സംബന്ധമായ മുന്നറിയിപ്പ് ബോർഡുകൾ വിവിധ ഇടങ്ങളിൽ മസ്കത്ത് മുനിസിപ്പാലിറ്റി സ്ഥാപിച്ചു. അറബിയിലും ഹിന്ദിയിലും ഉർദുവിലുമാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘ഈ മേഖലയിൽ പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് നിരോധിച്ചിരിക്കുന്നു’ എന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
റുവിയിലെ ഏറ്റവും കൂടുതൽ പക്ഷിക്കൂട്ടങ്ങൾ എത്തുന്ന മേഖലകളിലെല്ലാം ബോർഡുകൾ കാണാം. ദിവസവും നൂറ് പക്ഷികൾ എത്താറുള്ള റൂവി എം.ബി.ഡി ഏരിയയിലെ മസ്കത്ത് സെക്യൂരിറ്റി മാർക്കറ്റിന് സമീപത്തുള്ള തുറന്നപ്രദേശം, റുവി നഗരത്തിന് ഉൾഭാഗത്ത് കെ.എം ട്രേഡിങ്ങിന് മുൻവശമുള്ള പാർക്കിങ് അടക്കമുള്ള നിരവധി ഇടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എം.ബി.ഡി ഏരിയയിലാണ് ഏറ്റവും കൂടുതൽ പ്രാവുകൾ എത്തുന്നത്.
രാവിലെയും വൈകുന്നേരവും പ്രാവുകൾ കൂട്ടത്തോടെ പറന്നുയരുന്നത് മനോഹരമായ കാഴ്ചയാണ്. ഇവിടെ നിരവധി പേരാണ് പ്രാവുകൾക്ക് ഭക്ഷണം നൽകാൻ ധാന്യസഞ്ചികളുമായെത്തുന്നത്. പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് പുണ്യകരമായി കരുതുന്നവരും നിരവധിയാണ്. കുടുംബസമേതമാണ് പലരും ഇവിടെ എത്തുന്നത്. പ്രാവ്, മൈന, കാക്ക എന്നിവയുടെ അമിതമായ വർധന പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടെത്തിയിരുന്നു.
ഇവ പെരുകുന്നത് നഗരത്തിന്റെ വൃത്തി കുറക്കാനും കാരണമാക്കുമെന്ന് കണ്ടെത്തിയിരുന്നു. പ്രാവുകൾ കാഷ്ഠിക്കുന്നതും അവയുടെ തൂവലുകളും മറ്റും പരക്കുന്നതും താമസ ഇടങ്ങളിലും മറ്റും കൂട് കെട്ടുന്നതും താമസക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. മൈനയുടെ അമിതമായ പെരുകൽ വൻ പാരിസ്ഥിതികപ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാരണത്താലാണ് ഇത്തരം പക്ഷികൾക്കെതിരെ അധികൃതർ നടപടിക്കൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

