ബിൽഅറബ് ആർക്കിടെക്ചർ പുരസ്കാരം; വിദേശ വാസ്തുവിദ്യ മാതൃകകൾ സന്ദർശിച്ച് മത്സരാർഥികൾ
text_fieldsബിൽഅറബ് ആർക്കിടെക്ചർ പുരസ്കാരത്തിന്റെ അവസാന ഘട്ടത്തിലേക്കെത്തിയ മത്സരാർഥികൾ വിദേശ പര്യടനത്തിൽ
മസ്കത്ത്: ആർക്കിടെക്ചർ രൂപകൽപനക്കുള്ള ബിൽഅറബ് ബിൻ ഹൈതം അവാർഡിന്റെ അവസാന ഘട്ടത്തിലേക്ക് യോഗ്യത നേടിയവർ നടത്തിയ വിദേശയാത്ര സമാപിച്ചു. വാസ്തുവിദ്യകളെ മനസ്സിലാക്കാൻ ഫ്രാൻസ്, യുനൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിലെ മ്യൂസിയങ്ങളായിരുന്നു സംഘം സന്ദർശിച്ചത്. ഫ്രഞ്ച് നഗരമായ മാർസെയിലിലെ യൂറോപ്യൻ, മെഡിറ്ററേനിയൻ നാഗരികതകളുടെ മ്യൂസിയം സന്ദർശിച്ചായിരുന്നു യാത്ര തുടങ്ങിയത്.
ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ മ്യൂസിയങ്ങളിലൊന്നായ ലണ്ടനിലെ നാഷനൽ മാരിടൈം മ്യൂസിയമായിരുന്നു രണ്ടാമതായി സന്ദർശിച്ചത്. 1937ലായിരുന്നു ഇതിന്റെ ഉദ്ഘാടനം. 17ാം നൂറ്റാണ്ടിലെ ബ്രിട്ടനിലെയും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെയും സമുദ്ര നാവിഗേഷന്റെ ചരിത്രവുമായി ബന്ധപ്പെട്ട രണ്ട് ദശലക്ഷത്തിലധികം പുരാവസ്തുക്കളും മറ്റും ഇവിടെയുണ്ട്. വ്യത്യസ്തമായ വാസ്തുവിദ്യ ശൈലിയിലുള്ള മ്യൂസിയങ്ങളും മറ്റ് കെട്ടിടങ്ങളും സന്ദർശിച്ച് യാത്ര പരമാവധി പ്രയോജനപ്പെടുത്താൻ സംഘാംഗങ്ങൾക്ക് കഴിഞ്ഞു. കലയിലും രൂപകൽപനയിലും ലോകത്തെ പ്രമുഖ മ്യൂസിയങ്ങളിൽ ഒന്നായ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം പുത്തനറിവാണ് പകർന്നുനൽകിയത്.
വാസ്തുവിദ്യയോടുള്ള അഭിനിവേശം വർധിപ്പിക്കാനും ചില വാസ്തുവിദ്യ മാതൃകകൾ പഠിക്കാനും വിശകലനം ചെയ്യാനും ഉപകരിക്കുന്നതായി യാത്ര. വാസ്തുവിദ്യ രൂപകല്പനക്കുള്ള ബിൽഅറബ് ബിൻ ഹൈതം അവാർഡിനും പൈതൃക, ടൂറിസം മന്ത്രാലയത്തിനും സംഘാംഗങ്ങൾ നന്ദി പറഞ്ഞു. സന്ദർശനവേളയിൽ മനസ്സിലാക്കിയ ചില ആശയങ്ങൾ ഉപയോഗിച്ച് തങ്ങളുടെ പ്രോജക്ടുകൾ വികസിപ്പിക്കാൻ ഉപകരിക്കുമെന്നും അവർ പറഞ്ഞു. തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര് വിലായത്തിലെ സമുദ്രചരിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള രൂപകല്പനകളാണ് ഇത്തവണ ബിൽഅറബ് ബിൻ ഹൈതം അവാർഡിനായി ക്ഷണിച്ചിരുന്നത്. ഇതിൽ അവസാന ഘട്ടത്തിലേക്ക് പത്തുപേരാണ് യോഗ്യത നേടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

