ചേതക് സ്കൂട്ടറുമായി ബിലാലും അഫ്സലും സുഹാറിലെത്തി
text_fieldsബിലാലിനും അഫ്സലിനും സുഹാറിൽ നൽകിയ സ്വീകരണം
സുഹാർ: ചേതക് സ്കൂട്ടറിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന കാസർകോട് നയാന്മാർമൂല സ്വദേശികളായ ബിലാലും അഫ്സലും സുഹാറിലുമെത്തി. ഇരുവർക്കും സുഹാറിൽ ഉജ്ജ്വല സ്വീകരണവും നൽകി. കാണികളിൽ കൗതുകമുണർത്തുന്ന ബജാജ് ചേതക് സ്കൂട്ടറിനെയും ഇവരുടെ യാത്രാവിശേഷങ്ങളുമറിയാൻ നിരവധി പേരാണ് എത്തിയിരുന്നത്.
കോഴിക്കോടൻ മക്കാനി ഹോട്ടൽ പരിസരത്തൊരുക്കിയ സ്വീകരണത്തിൽ പ്രമുഖർ പങ്കെടുത്തു. ബദറുൽ സമ സുഹാർ ബ്രാഞ്ച് ഹെഡ് മനോജ്, കെ.എം.സി.സി സുഹാർ പ്രസിഡന്റ് ബാവ ഹാജി എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു.
മക്കാനി ഹോട്ടൽ ഉടമകളായ റാഷിദ്, വാഹിദ് എന്നിവർ ഇരുവരെയും പൊന്നാട അണിയിച്ചു. റിയാസ്, ഡോ. ആസിഫ്, സിറാജ് കാക്കൂർ എന്നിവർ പങ്കെടുത്തു. ബിലാലിന്റെയും അഫ്സലിന്റെയും ചിത്രങ്ങൾ പതിച്ച കേക്കും മുറിച്ചു.22 വർഷം പഴക്കമുള്ള സ്കൂട്ടറുമായി അറേബ്യൻ മണ്ണിൽ യാത്രക്കിറങ്ങുമ്പോൾ ബജാജ് ചേതക് എന്ന പഴയ റോഡ് രാജാവിനോടുള്ള വിശ്വാസം മാത്രമായിരുന്നു ഇവരുടെ കൈമുതൽ. യു.എ.ഇ യാത്ര പൂർത്തിയാക്കിയാണ് ഇവർ ഒമാനിലെത്തിയത്. രണ്ട് ദിവസം സുഹാറിൽ കറങ്ങിയശേഷം ദുബൈയിലേക്ക് തിരിക്കും.
അവിടെനിന്ന് ഖത്തറിലേക്കും പോകും. നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായ ചേതക് സ്കൂട്ടറിലുള്ള യാത്രയായത് കൊണ്ടുതന്നെ മറ്റു സഞ്ചാരികൾക്കില്ലാത്ത സ്വീകാര്യതയാണ് ഇരുവർക്കും ലഭിക്കുന്നത്. റിസ്ക്ക് എടുത്ത് യാത്ര ചെയ്യണമെന്നുള്ള തീരുമാനമായിരുന്നു ചേതക് സ്കൂട്ടർ തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് ഇരുവരും പറഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കിൽ ഒരു യാത്രക്ക് ഏതുതരം വാഹനവും ഉപയോഗിക്കാം എന്നുള്ള അനുഭവമാണ് ഇരുവരും പകർന്നുനൽകുന്നത്. ഒമാൻ യാത്രയിൽ അനുഭവിക്കാൻ കഴിയുന്ന ശാന്തത അത്ഭുതപ്പെടുത്തുന്നതാണെന്ന് ബിലാലും അഫ്സലും പറഞ്ഞു.