ഒമാനെ തൊട്ടറിഞ്ഞ മലേഷ്യൻ റൈഡേഴ്സ്; സ്നേഹക്കൂട്ടൊരുക്കി ബൈക്കേഴ്സ് ബ്രദേഴ്സ്
text_fieldsമലേഷ്യൻ റൈഡേഴ്സ്, ബൈക്കേഴ്സ് ബ്രദേഴ്സ് അംഗങ്ങൾ ബന്ദറുൽ ഹൈറാനിൽ
മസ്കത്ത്: സുൽത്താനേറ്റിന്റെ പ്രകൃതിഭംഗി ആസ്വാദിക്കാൻ ഖത്തറിൽനിന്നെത്തിയ മലേഷ്യൻ റൈഡേഴ്സ് സംഘത്തിന് സ്നേഹക്കൂട്ടൊരുക്കി ബൈക്കേഴ്സ് ബ്രദേഴ്സ്. ഒമാനിലുള്ള മലയാളികളായ പ്രഫഷനൽ റൈഡർമാരുടെ കൂട്ടായ്മയാണ് ബൈക്കേഴ്സ് ബ്രദേഴ്സ്. രണ്ട് ഫോർവീൽ വാഹനങ്ങളും 14 ബൈക്ക് യാത്രികരുമുൾപ്പെടെ 21 പേരായിരുന്നു മലേഷ്യൻ റൈഡേഴ്സ് സംഘത്തിലുണ്ടായിരുന്നത്. ഫെബ്രുവരി 10ന് ദോഹയിൽനിന്ന് യാത്ര ആരംഭിച്ച സംഘം ബുറൈമി വഴിയാണ് ഒമാനിലെത്തിയത്.
സുൽത്താനേറ്റിലേക്കുള്ള ആദ്യ ട്രിപ്പായതുകൊണ്ടുതന്നെ ഇവിടത്തെ വഴികളെ കുറിച്ച് സംഘത്തിന് വശമില്ലായിരുന്നു. ഇത് തങ്ങളുടെ റൈഡിങ്ങിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് ബൈക്കേഴ്സ് ബ്രദേഴ്സിലെ നിഷാദ് സൈനുദ്ദീനുമായി മലേഷ്യൻ റൈഡേഴ്സ് അംഗങ്ങൾ ബന്ധപ്പെടുന്നത്. ബൈക്കേഴ്സ് ബ്രദേഴ്സുമായി ഒമാന്റെ വിവിധ ഭാഗങ്ങളിലൂടെ നടത്തിയ യാത്ര പുത്തൻ അനുഭവങ്ങളാണ് മലേഷ്യൻസംഘത്തിന് ലഭിച്ചത്. ഖുറമിൽനിന്ന് തുടങ്ങിയ യാത്ര മസ്കത്തിന്റെ നഗരഹൃദയങ്ങളിലൂടെ കടന്ന് ബന്ദറുൽ ഹൈറാനിലാണ് അവസാനിച്ചത്.
ഇവിടന്ന് തിരിച്ചുമടങ്ങിയ സംഘം സ്വദേശികളായ റൈഡർമാരുടെ കൂട്ടായ്മയായ ഒമാൻ റൈഡേഴ്സ് ക്ലബിലായിരുന്നു പിന്നീട് എത്തിയത്. ചെയർമാൻ ഖാലിദ് അസ്രിയും അംഗങ്ങളും ചേർന്ന് ഊഷ്മള വരവേൽപാണ് നൽകിയത്. ഒമാന്റെ പ്രകൃതിഭംഗി അത്ഭുതപ്പെടുത്തുന്നതാണെന്നും കണ്ടാലും മതിവരാത്ത ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ടെന്നും മലേഷ്യൻ റൈഡേഴ്സ് സംഘം പറഞ്ഞു. സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നന്ദിപറഞ്ഞ് സംഘം പിന്നീട് റാസൽഖൈമയിലൂടെ ഖത്തറിലേക്ക് തിരിച്ചുപോകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

