ബിജു വെണ്ണിക്കുളം മടങ്ങുന്നു: മൂന്നു പതിറ്റാണ്ടിെൻറ പ്രവാസത്തിനുശേഷം
text_fieldsബിജു വെണ്ണിക്കുളം
മസ്കത്ത്: മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനുശേഷം ബിജു ജേക്കബ് എന്ന ബിജു വെണ്ണിക്കുളം ഒമാനിൽനിന്ന് മടങ്ങുന്നു. 1991ൽ പിതാവിെൻറ സഹോദരപുത്രെൻറ സഹായത്താൽ സന്ദർശക വിസയിലാണ് ബിജു മസ്കത്തിൽ വന്നത്. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സെൻറ് ബഹനാൻസ് ഹൈസ്കൂളിലെയും തുരുത്തിക്കാട് ബി.എ.എം കോളജിലെയും തിരുവല്ല നാഷനൽ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെയും വിദ്യാഭ്യാസത്തിനു ശേഷമാണ് മസ്കത്തിലേക്ക് എത്തിയത്.
കഷ്ടപ്പാടുകൾ സഹിച്ച് ജോലി കണ്ടെത്തി പ്രവാസമാരംഭിച്ച ഇദ്ദേഹം സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് സുൽത്താെൻറ മണ്ണിൽനിന്ന് വിടപറയുന്നത്. സഹപ്രവർത്തകർക്കും കൂട്ടുകാർക്കും നാട്ടുകാർക്കും എപ്പോഴും എവിടെയും സഹായം ചെയ്യുന്നതിന് അദ്ദേഹം മുന്നിലായിരുന്നു. സ്വന്തമായി വാഹനം ഇല്ലാത്ത സമയത്തും ടാക്സിയിലും ബസിലും മറ്റും സഞ്ചരിച്ച് സൊഹാർ, നിസ്‌വേ, സൂർ എന്നിവിടങ്ങളിലൊക്കെ പോയി സഹായങ്ങൾ ചെയ്യുന്നതിന് മുൻപന്തിയിൽ നിന്നിട്ടുണ്ട്.
കോവിഡ് വ്യാപനത്തിെൻറ സന്ദർഭത്തിലും മസ്കത്തിൽ പ്രവാസി സമൂഹത്തിന് സന്നദ്ധസേവകനായി ബിജു രംഗത്തെത്തിയിരുന്നു. 32 പ്രവാസികളെ നാട്ടിലേക്ക് അയക്കാൻ സഹായിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവരും രോഗികളുമായവർക്ക് ബിജു വെണ്ണിക്കുളം മറ്റുള്ളവരുമായി ചേർന്ന് ഇന്ത്യൻ എംബസിയുടെ വന്ദേ ഭാരത് മിഷൻ വിമാനത്തിലും ചില സാമൂഹിക സംഘടനകളുടെ ചാർട്ടേഡ് വിമാനത്തിലും സീറ്റ് തരപ്പെടുത്തുകയായിരുന്നു.
മസ്കത്തിലെ വിവിധ ക്രൈസ്തവസഭ വിഭാഗങ്ങളുടെ ഐക്യവേദിയായ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷനിൽ കൂടിയാണ് ബിജു തെൻറ പ്രവർത്തനമണ്ഡലം ഒമാനിൽ ആരംഭിച്ചത്. ക്നാനായ യാക്കോബായ കമ്യൂണിറ്റി വൈസ് പ്രസിഡൻറ്, സെക്രട്ടറി, മസ്കത്തിലെ പുരാതന ഇടവകയായ സെൻറ് മേരീസ് യാക്കോബായ ഇടവക ജോയൻറ് സെക്രട്ടറി, മാനേജിങ് കമ്മിറ്റി അംഗം, യൂത്ത് അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
വെണ്ണിക്കുളം നിവാസികളുടെ കൂട്ടായ്മയായ മസ്കത്ത് വെണ്ണിക്കുളം അസോസിയേഷൻ സെക്രട്ടറിയായും പ്രവാസി വെൽഫെയർ അസോസിയേഷൻ മസ്കത്ത് ചാപ്റ്റർ കൺവീനറായും പ്രവർത്തിച്ചുവരുന്നു. ഒഴിവുസമയങ്ങളിൽ മാധ്യമ പ്രവർത്തനത്തിലും ഇടപെടുന്നു.
പാത്രിയാർക്കീസ് ബാവയുടെ ഒമാനിലെ സന്ദർശന സന്ദർഭത്തിൽ പാത്രിയാർക്കീസ് ബാവ ബിജുവിന് മെമേൻറാ നൽകി ആദരിക്കുകയുണ്ടായി.മസ്കത്തിലെ വാഹന വിതരണ കമ്പനിയായ മൂസ അബ്ദുറഹ്മാൻ കമ്പനിയിലെ ജീവനക്കാരനായ ബിജു, പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം കൈതാരത്ത് കുടുംബാംഗമാണ്.റോയൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ സിൽവി ബിജുവാണ് ഭാര്യ. നവീന ബിജു, ബേസിൽ ബിജു എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

