സുഹാർ ഫ്രീ സോണിൽ കൂറ്റൻ മെറ്റൽ ഫാക്ടറി സ്ഥാപിക്കുന്നു
text_fieldsമസ്കത്ത്: സുഹാറിൽ പുതിയ സാമ്പത്തിക അവസരങ്ങളുടെ വാതിൽ തുറന്ന് കൂറ്റൽ മെറ്റൽ ഫാക്ടറി വരുന്നു. 70 ലക്ഷം ഡോളർ ചെലവുവരുന്ന പദ്ധതിക്കായി സുഹാർ ഫ്രീ സോണും സുഹാർ നോബ്ൾ മെറ്റൽസ് എഫ്.ഇസെഡ്.സി കമ്പനിയും ഭൂമി അനുവദിക്കുന്നതിന് ധാരണയായി. മേഖലയിൽ വികസനത്തിനും വ്യവസായ വൈവിധ്യവത്കരണത്തിനും പദ്ധതി മുതൽക്കൂട്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിലെ ധാതു മേഖലയെ സമ്പന്നമാക്കുന്നതിന് പദ്ധതി സഹായിക്കും. ലോഹനിർമാണ മേഖലയിൽ ഉപയോഗിക്കുന്ന വനേഡിയം, നിയോബിയം എന്നിവയുടെ ഉൽപാദനമാണ് ഫാക്ടറിയുടെ പ്രധാന പ്രവർത്തനം.
5000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പദ്ധതി യു.എസിലെയും യൂറോപ്യൻ വിപണികളിലെയും സൂപ്പർഅലോയ് ഫാക്ടറികൾക്ക് വനേഡിയവും നിയോബിയവും വിതരണം ചെയ്യുന്നതിനാണ് രൂപകൽപന ചെയ്ത് നിർമിക്കുന്നത്. സുഹാർ ഫ്രീ സോണുമായുള്ള പങ്കാളിത്തം നിക്ഷേപകർക്ക് മികച്ച അവസരങ്ങളും നേട്ടങ്ങളും നൽകുമെന്നും പ്രധാന വിപണികളുമായുള്ള സാമീപ്യം പ്രയോജനപ്പെടുത്താൻ കമ്പനിക്ക് അവസരമാകുമെന്നും സുഹാർ നോബിൾ മെറ്റൽസ് കമ്പനിയുടെ ജനറൽ മാനേജർ ഖാലിദ് ബിൻ അഹമ്മദ് അൽ ബലൂഷി പറഞ്ഞു.
സുഹാർ ഫ്രീ സോണിലെ വ്യവസായ വൈവിധ്യവത്കരണത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് കരാറെന്ന് സുഹാർ പോർട്ട് ആൻഡ് ഫ്രീ സോണിലെ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഹൈതം ബിൻ സെയ്ഫ് അൽ അമീരി പറഞ്ഞു. ഫാക്ടറിയുടെ സ്ഥാപനം തുറമുഖത്തിന്റെയും ഫ്രീ സോണിന്റെയും സുസ്ഥിര വ്യവസായിക അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്ന നടപടികളെ ശക്തിപ്പെടുത്തുന്നതുമാണ്.
ധാതുക്കളെ ആശ്രയിക്കുന്ന കമ്പനികളിൽനിന്ന് പദ്ധതി കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സുഹാർ ഫ്രീ സോണിന്റെ വികസന വളർച്ചയിൽ വലിയ മുന്നേറ്റത്തിനുമിത് സഹായിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

