സന്ദർശകരെ ആകർഷിച്ച് ബിദിയ്യ കാർണിവൽ
text_fieldsബിദിയ്യ കാർണിവലിലെ കാർ ചാലഞ്ച് ചാമ്പ്യൻഷിപ്പിൽനിന്ന് (ചിത്രം: ഒമാൻ ന്യൂസ് ഏജൻസി)
ബിദിയ്യ: വടക്കൻ ശർഖിയ ഗവണറേറ്റിലെ ബിദിയ്യയിൽ ശീതകാല വിനോദസഞ്ചാര സീസൺ ഭാഗമായി സംഘടിപ്പിക്കുന്ന ബിദിയ്യ കാർണിവലിൽ സന്ദർശകരേറുന്നു.
കായികം, പൈതൃകം, സാഹസിക വിനോദം, പ്രദർശനങ്ങൾ എന്നിവ സമന്വയിക്കുന്നതാണ് നവംബർ 29 വരെ നീളുന്ന കാർണിവൽ. ബിദിയ്യ കാർണിവലിനായി ഇത്തവണ ഹോട്ടലുകൾ, ഗ്രീൻ ലോഡ്ജുകൾ, ഗസ്റ്റ്ഹൗസുകൾ, ടൂറിസ്റ്റ് ക്യാമ്പുകൾ, റസ്റ്റ്ഹൗസുകൾ തുടങ്ങി നൂറോളം വിനോദസഞ്ചാര-താമസ സ്ഥാപനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബറിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ശീതകാല സീസണിൽ വിനോദസഞ്ചാരികൾ വലിയ തോതിൽ എത്തുന്നുവെന്ന് അധികൃതർ പറഞ്ഞു.
കാർണിവലിൽ കൃഷി - ജല വിഭവ മന്ത്രാലയത്തിന്റെയും പരിസ്ഥിതി അതോറിറ്റിയുടെയും പൈതൃക- ടൂറിസം മന്ത്രാലയത്തിന്റെയും സ്റ്റാളുകൾ ഉണ്ടാവും. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വില്ലേജ് തന്നെ ഒരുക്കും.
കരകൗശല പ്രദർശനം, സംഗീത പരിപാടികൾ, ഒമാനി കലാരൂപങ്ങളുടെ പ്രത്യേക പരിപാടികൾ, ‘മെലഡി ഓഫ് ദി സാൻഡ്സ്’ കലാരാവുകൾ എന്നിവയുണ്ടാകും.
ഇതിനു പുറമെ, പാരാഗ്ലൈഡിങ്, കൈറ്റ് ഫ്ലൈയിങ്, ആർ.സി ഫ്ലൈയിങ്, ഒട്ടക പരേഡ്, കുതിര പരേഡ് തുടങ്ങിയവയും കാർണിവലിന്റെ ഭാഗമായി നടക്കും.
കാർ ചാലഞ്ച് ചാമ്പ്യൻഷിപ്പാണ് ആകർഷക ഇനങ്ങളിലൊന്ന്. ബിദിയ്യ ക്ലബും ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനും വടക്കൻ ശർകിയ്യ ഗവണറേറ്റിന്റെ മേൽനോട്ടത്തിൽ, പൊതു-സ്വകാര്യ സ്ഥാപനങ്ങളും സിവിൽ സൊസൈറ്റി സംഘടനകളും പങ്കാളികളായാണ് ബിദിയ്യ കാർണിവൽ സംഘടിപ്പിക്കുന്നത്.
ഊർജ മന്ത്രി എഞ്ചി. സാലിം ബിൻ നാസിർ അൽ ഔഫി ഉദ്ഘാടനം നിർവഹിച്ചു. വടക്കൻ ശർഖിയ ഗവണർ മഹ്മൂദ് ബിൻ യഹ്യ അൽ തുഹ്ലിയും ചടങ്ങിൽ പങ്കെടുത്തു.
ഒമാനിന്റെ കിഴക്കൻ മണൽ പ്രദേശങ്ങളിലെ പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാര ആകർഷണങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും യുവതലമുറയെ മരുഭൂമി കായിക ഇനങ്ങളിലേക്ക് ആകർഷിക്കുകയുമാണ് കാർണിവലിന്റെ ലക്ഷ്യം. ഇതുവഴി ആഭ്യന്തര- വിദേശ വിനോദസഞ്ചാരവും പ്രാദേശിക സാമ്പത്തിക പ്രവര്ത്തനങ്ങളും മെച്ചപ്പെടുമെന്നും ബിദിയ്യ വാലി സയ്യിദ് മാജിദ് ബിൻ സൈഫ് അൽ ബുസൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

