ശൈത്യകാലത്ത് സൂര്യപ്രകാശം ലഭിക്കുന്ന മികച്ച സ്ഥലം; പട്ടികയിൽ ഒമാനും
text_fieldsഒമാനിൽ നിന്നുള്ള മനോഹര കാഴ്ച
മസ്കത്ത്: ഈ വർഷം മികച്ച സൂര്യപ്രകാശം ലഭിക്കുന്ന ശൈത്യകാല വിനോദയാത്ര സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി ഒമാൻ. യുനൈറ്റഡ് കിംഗ്ഡത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ ദി സൺഡേ ടൈംസിന്റെ റിപ്പോർട്ടിലാണ് 2025ലെ ഏറ്റവും മികച്ച 29 സൂര്യപ്രകാശം ലഭിക്കുന്ന ശൈത്യകാല വിനോദയാത്രകളുടെ പട്ടികയിലാണ് സുൽത്താനേറ്റ് ഉൾപ്പെട്ടിരിക്കുന്നത്. ശരാശരി 23 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഒമാന്റെ സുഖകരമായ ശൈത്യകാല കാലാവസ്ഥ, വൈവിധ്യമാർന്ന പ്രകൃതി സൗന്ദര്യം, സമ്പന്നമായ ചരിത്രം, അറേബ്യൻ ആതിഥ്യം എന്നിവയാണ് പട്ടികയിൽ ഉൾപ്പെടുത്താനുള്ള കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാഹസികത ആഗ്രഹിക്കുന്നവർക്കും വിശ്രമ പ്രേമികൾക്കും അനുയോജ്യമായ രാജ്യത്തിന്റെ വൈവിധ്യമാർന്ന ടൂറിസം സൗകര്യങ്ങളെ കുറിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. സാഹസികത ആഗ്രഹിക്കുന്നവർക്ക് മുസന്ദത്തിന്റെ കടൽതീരങ്ങളും തെളിഞ്ഞ വെള്ളവും മികച്ച ഒരനുഭവമായിരിക്കും. ഡൈവിങിനും ബോട്ട് ടൂറുകൾക്കും അനുയോജ്യമായ അന്തരീക്ഷമാണ് ഇത് നൽകുന്നത്.
ശർഖിയ സാൻഡ്സിലെ (റെമൽ അൽ ഷർഖിയ) മണൽകൂനകൾ സന്ദർശകർക്ക് ഒട്ടക ട്രക്കിങും പരമ്പരാഗത മരുഭൂമി ക്യാമ്പിങും അനുഭവിക്കാനുള്ള അവസരം നൽകുന്നു. ഒമാന്റെ സാംസ്കാരിക പൈതൃകത്തിൽ മുഴുകാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുക.
മനോഹരമായ താഴ്വരകൾ, പർവതങ്ങളുടെ കാഴ്ചകൾ, തണുത്ത വായു എന്നിവയാൽ ജബൽ അഖ്ദർ ശാന്തമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മസ്കത്തിൽ എത്തുന്നവർക്ക് മനോഹരമായ പള്ളികൾ സന്ദർശിക്കാനും, കുന്തിരുക്കത്തിന്റെ സുഗന്ധമുള്ള സൂഖുകൾ കാണാനും, മത്സരാധിഷ്ഠിത നിരക്കിൽ ആഡംബര റിസോർട്ടുകൾ നിറഞ്ഞ അതിശയകരമായ തീരപ്രദേശത്തിലൂടെ നടക്കാനും കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

