ഇന്ത്യൻ സ്കൂളുകളിൽ ബെൽമുഴക്കം
text_fieldsഇന്ത്യൻ സ്കൂൾ മസ്കത്തിൽ മധ്യവേനലവധിക്കുശേഷം ക്ലാസുകളിലേക്ക് എത്തിച്ചേരുന്ന വിദ്യാർഥികൾ
മസ്കത്ത്: രാജ്യത്തെ ഇന്ത്യൻ സ്കൂളുകളിൽ മധ്യവേനലവധിക്കുശേഷം അധ്യയനം പുനരാരംഭിച്ചു. ഒമാനിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂൾ മസ്കത്തിൽ തിങ്കളാഴ്ച മുതലാണ് അധ്യയനം ആരംഭിച്ചത്. സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കോവിഡിന് മുമ്പത്തെ അവസ്ഥയിലെത്തി എന്നുള്ള സവിശേഷത കൂടി ഈ വർഷത്തെ അധ്യയനത്തിനുണ്ട്. ഇന്ത്യൻ സ്കൂൾ മബേലയിൽ ഞായറാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു.
എന്നാൽ, മസ്കത്തിലെ മറ്റു പ്രധാന വിദ്യാലയങ്ങളായ ഇന്ത്യൻ സ്കൂൾ ദാർസൈത്, ഇന്ത്യൻ സ്കൂൾ വാദി കബീർ, ഇന്ത്യൻ സ്കൂൾ ഗൂബ്ര എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിലാണ് അധ്യയനം ആരംഭിക്കുന്നത്. ജൂൺ രണ്ടാം വാരം മുതലാണ് സ്കൂളുകൾ വേനലവധിക്കായി അടച്ചത്.
കടുത്ത ചൂട് കാരണമായി ചില സ്കൂളുകളിൽ ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് നേരത്തെതന്നെ അവധി ആരംഭിച്ചിരുന്നു. ഭൂരിഭാഗം കുടുംബങ്ങളും അവധിക്കു നാട്ടിൽ പോയെങ്കിലും കനത്ത വിമാന ടിക്കറ്റ് നിരക്ക് കാരണം ചിലരൊക്കെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു. ഒമാനിൽ തന്നെ മധ്യവേനലവധി കഴിച്ചുകൂട്ടിയ കുട്ടികൾക്കായി സാംസ്കാരിക സംഘടനകൾ വേനൽ ക്യാമ്പുകൾ നടത്തിയിരുന്നു.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം നടത്തിയ ‘വേനൽ തുമ്പി’ ക്യാമ്പിൽ നൂറുകണക്കിന് കുട്ടികളാണ് പങ്കെടുത്തത്. അതേസമയം സ്കൂളുകൾ തുറക്കുന്നത് പ്രമാണിച്ച് നാട്ടിൽനിന്നും മസ്കത്തിലേക്ക് വിമാന നിരക്ക് ക്രമാതീതമായി വർധിച്ചിരുന്നു. ഈ സാഹചര്യത്തിൽ മടക്കയാത്ര നീട്ടി വെച്ചവരുമുണ്ട്. വിമാന യാത്രനിരക്ക് വർധനവിനെതിരെ ഈ വർഷവും പ്രതിഷേധം ഉയർന്നുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.