ബൈത്ത് അൽ സുബൈർ സൂഫി സംഗീതോത്സവം ഇന്ന് സമാപിക്കും
text_fieldsമസ്കത്ത്: സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബൈത്ത് അൽ സുബൈർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ബൈത്ത് അൽ സുബൈർ സൂഫി സംഗീതോത്സവത്തിന് ബുധനാഴ്ച തിരശ്ശീല വീഴും. മൂന്നു രാത്രികളിലായി നടക്കുന്ന പരിപാടിയിൽ ഒമാനിനകത്തും പുറത്തുനിന്നുമുള്ള കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
ആദ്യ ദിവസം ഫെസ്റ്റിവലിൽ ക്ലാസിക്കൽ സൂഫി കവികളുമായി ബന്ധപ്പെട്ട കൃതികൾ ശൈഖ് ഹമദ് ദാവൂദ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ച പ്രശസ്ത കലാകാരന്മാർ അണിനിരന്ന പരിപാടി പ്രേക്ഷകർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
രണ്ടാം ദിവസം, ഒമാനി സാവിയ ബാൻഡാണ് സംഗീത വിരുന്നൊരുക്കിയത്. അറിയപ്പെടുന്ന താൻസനിയൻ കലാകാരനായ യഹ്യ ബൈഹഖി ഹുസൈൻ ബാൻഡിനൊപ്പം ചേർന്നിരുന്നു. അറബ്, അന്തർദേശീയ തലങ്ങളിൽ പേരുകേട്ട കലാകാരനാണ് ഇദ്ദേഹം. സമാപന ദിവസമായ ബുധനാഴ്ച ഈജിപ്ഷ്യൻ ബാൻഡായ അൽഹദ്രഹ് ഫോർ പരിപാടി അവതരിപ്പിക്കും. ബാർ അൽ ജിസ റിസോർട്ട് ആൻഡ് സ്പായിലെ തിയറ്ററിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രവേശനം സൗജന്യമാണ്.