ഒമാനിൽ ബാറ്ററി റീസൈക്ലിങ് പദ്ധതിയുമായി ഇന്ത്യൻ കമ്പനി
text_fieldsമസ്കത്ത്: ഒമാനിൽ ബാറ്ററി റീസൈക്ലിങ് സ്ഥാപനം ആരംഭിക്കാനുള്ള പദ്ധതിയുമായി ജയ്പുർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാവിറ്റ ഇന്ത്യ ലിമിറ്റഡ് കമ്പനി. ആഗോളാടിസ്ഥാനത്തിൽ ബാറ്ററി റീസൈക്ലിങ് മേഖലയിൽ മുന്നിട്ടുനിൽക്കുന്ന കമ്പനിയുടെ ഒമാൻ പ്ലാൻറിന് വർഷംതോറും 6000 മെട്രിക് ടൺ പുനരുൽപാദനശേഷിയുണ്ടാവും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാവിറ്റ ഇന്ത്യയുടെ സഹസ്ഥാപനമായ ഗ്രാവിറ്റ നെതർലൻഡ്സ് അധികൃതരുമായി കരാർ ഒപ്പിട്ടുകഴിഞ്ഞു. ഗ്രാവിറ്റ മിഡിലീസ്റ്റിലെതന്നെ ആദ്യ ബാറ്ററി റീസൈക്ലിങ് കമ്പനിയാണ്. റീസൈക്ലിങ് പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം ഗ്രാവിറ്റി നെതർലൻഡ്സും ബാക്കി ഒമാൻ പങ്കാളിത്ത കമ്പനിയുമാണ് മുതൽമുടക്കുക. ഒന്നാം ഘട്ടത്തിൽതന്നെ സ്ഥാപനത്തിന് വർഷം തോറും 6000 മെട്രിക് ടൺ പുനരുൽപാദനം നടത്താൻ കഴിയും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 1.9 ദശലക്ഷം റിയാലായിരിക്കും (400 ദശലക്ഷം ഇന്ത്യൻ രൂപ) പദ്ധതിക്കായി മുതൽമുടക്കുക. ഇതിന്റെ പകുതി ഗ്രാവിറ്റ നെതർലൻഡ്സ് പദ്ധതിക്കായി ചെലവിടുക.
പദ്ധതിയുടെ ഭാഗമായി ഇതിന് ഉപയോഗപ്പെടുത്തുന്ന യന്ത്രസാമഗ്രികകൾ ജയ്പുരിൽ രൂപകൽപന ചെയ്യുകയും ഒമാനിൽ കമീഷൻ ചെയ്യുകയുമാണുണ്ടാവുക. ഒമാനിൽ സ്ഥാപിക്കാൻ പോവുന്ന പുതിയ പ്ലാൻറ് വിവിധ ഭൂപ്രകൃതികളിലേക്ക് കമ്പനി വേരുറപ്പിക്കുന്നതിന്റെ ഭാഗമാണെന്നും മറ്റു രാജ്യങ്ങളിലേക്കും പ്രവർത്തന മേഖല വ്യാപിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. ഇന്ത്യക്കു പുറമെ ടോംഗോ, സെനഗാൾ, ഘാന, മൊസാംബീക്, താൻസാനിയ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് കമ്പനിയുടെ ശാഖകൾ പ്രവർത്തിക്കുന്നത്. ലോകത്തിലെ 70ലധികം രാജ്യങ്ങളിൽകൂടി കമ്പനിയുടെ ശാഖകൾ സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

