ബാത്തിന എക്സ്പ്രസ്വേയുടെ പുതിയ ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു
text_fieldsമസ്കത്ത്: സുല്‍ത്താനേറ്റിലെ ഗതാഗത രംഗത്ത് സുപ്രധാന കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന അല്‍ ബാത്തിന എക്സ്പ്രസ്വേയുടെ പുതിയ ഭാഗം കൂടി ഗതാഗതത്തിന് തുറന്നുകൊടുത്തു. ബര്‍ക്ക-നഖല്‍ ക്രോസ് റോഡില്‍ നിന്ന് ആരംഭിച്ച് റുസ്താഖ് വിലായത്തിലെ അല്‍ ഹസം വരെ നീളുന്ന ഭാഗമാണ് ഞായറാഴ്ച തുറന്നുകൊടുത്തത്. ഇതോടെ 272 കിലോമീറ്റര്‍ നീളുന്ന ഹൈവേയില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത ഭാഗത്തിന്‍െറ ദൈര്‍ഘ്യം 81 കിലോമീറ്ററായി ഉയര്‍ന്നു. പുതിയ ഭാഗം കൂടി ഗതാഗതത്തിനായി തുറന്നുകൊടുത്തതോടെ എക്സ്പ്രസ്വേ നിര്‍മാണത്തിന്‍െറ ആദ്യ ഘട്ടത്തിന്‍െറ നിര്‍മാണം പൂര്‍ണമായി. മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഹല്‍ബാന്‍ ക്രോസ് റോഡില്‍ നിന്നാരംഭിച്ച് ഖാബത്ത് അല്‍ ഖാദാന്‍ വരെ നീളുമുള്ള 45.5 കിലോമീറ്ററാണ് ബാത്തിന എക്സ്പ്രസ്വേയുടെ ആദ്യ ഘട്ടത്തിലുള്ളത്.
ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹമ്മദ് ബിന്‍ ഫുതൈസിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് അല്‍ നുഐമി, തെക്കന്‍ ബാത്തിന ഗവര്‍ണര്‍ ശൈഖ് ഹിലാല്‍ സൈദ് അല്‍ ഹാജ്രി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. നിലവിലെ ബാത്തിന റോഡിന് സമാന്തര പാതയായി പുതിയ പാതയെ ഉപയോഗിക്കാം. റുസ്താഖ് വിലായത്തിലെ താമസക്കാര്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ നിന്ന് ഇബ്രി-റുസ്താഖ് റോഡുവഴി വരുന്നവര്‍ക്ക് മസ്കത്തില്‍ എളുപ്പത്തില്‍ എത്താന്‍ സാധിക്കും. അല്‍ അബ്യാദ്, അല്‍ ഒൗഖാദ്, ജമാ, റമ്ലാ ഖാബത്ത് അല്‍ ഖാദാന്‍ തുടങ്ങിയ ഗ്രാമവാസികള്‍ക്കും നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുമുള്ള യാത്രക്ക് പുതിയ പാത ഏറെ സഹായകരമാകും.
ആദ്യ ഘട്ടത്തില്‍ അഞ്ച് ഇന്‍റര്‍സെക്ഷനുകളാണ് ഉള്ളത്. അഞ്ച് ഫൈ്ളഓവറുകള്‍, വാദി മുറിച്ചുകടക്കുന്നതിനുള്ള രണ്ട് പാലങ്ങള്‍, ഒരു അണ്ടര്‍ പാസ് എന്നിവക്ക് ഒപ്പം മഴവെള്ളം ഒഴുകിപോകാന്‍ 235 ബോക്സ് കള്‍വെര്‍ട്ടുകള്‍, ഒട്ടകങ്ങള്‍ക്ക് മുറിച്ചുകടക്കാന്‍ ഒരു പാത എന്നിവയും ആദ്യ സ്റ്റേജിലുണ്ട്.
ബര്‍ക്കയില്‍ നിന്ന് യു.എ.ഇ അതിര്‍ത്തിയായ ഖത്മത്മലാഹ വരെ നീളുന്ന എക്സ്വേ ആറ് ഘട്ടങ്ങളിലായാണ് നിര്‍മിക്കുന്നത്. മറ്റുഘട്ടങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ എക്സ്പ്രസ്വേ പൂര്‍ണമായും ഗതാഗതത്തിന് തുറക്കുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതോടെ മസ്കത്തില്‍ നിന്ന് യു.എ.ഇയിലേക്കുള്ള യാത്രാസമയത്തില്‍ കാര്യമായ കുറവുതന്നെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
