‘ഇമ്മിണി ബല്യ മനുഷ്യൻ - ഓർമകളിലെ ബഷീർ’ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾ പുതുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ‘ഇമ്മിണി ബല്യ മനുഷ്യൻ - ഓർമകളിലെ ബഷീർ’ എന്ന പേരിൽ ബഷീർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
റൂവിയിലെ കേരള വിഭാഗം ഓഫീസിൽ നടന്ന പരിപാടി, ബഷീറിന്റെ സാഹിത്യലോകത്തെ ആഴത്തിൽ പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ മാനവിക ദർശനവും ജീവിതമൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുകയും ചെയ്ത അനുസ്മരണ സമ്മേളമായി.
കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു. ബഷീറിന്റെ ജീവിതവും സാഹിത്യവും വേർതിരിക്കാനാവാത്ത ഒന്നാണെന്നും അദ്ദേഹത്തിന്റെ ഓരോ രചനയും മനുഷ്യസ്നേഹത്തിന്റെയും കരുണയുടെയും സഹജീവി സ്നേഹത്തിന്റെയും മഹത്തായ സന്ദേശങ്ങളാണെന്നും അനുസ്മരണ പ്രഭാഷണം നടത്തിയ ഷാഫി പറഞ്ഞു.
തുടർന്ന് നടന്ന പുസ്തകപരിചയത്തിൽ ബിനു കേശവൻ ബഷീറിന്റെ ‘മാന്ത്രികപ്പൂച്ച’ എന്ന ലഘുനോവൽ അവതരിപ്പിച്ചു. പ്രസീത ഹരിപ്രസാദ് ബഷീറിന്റെ ‘ജന്മദിനം’ എന്ന കഥ പരിചയപ്പെടുത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത ചെറുകഥയായ ‘തേന്മാവ്’ എന്ന കൃതിയുടെ വായനാനുഭവം ജൂമി സിയാദ് അവതരിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. ജൂനിയർ വിഭാഗത്തിൽ ശിവന്യ ശ്രീകുമാർ ഒന്നാം സ്ഥാനവും നിവാൻ ജോബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ നവന്യ കൃഷ്ണമൂർത്തി ഒന്നാം സ്ഥാനവും ദിയ സുനിത്ത് രണ്ടാം സ്ഥാനവും നേടി.
ഐ.എസ്.സി ഒമാൻ കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാറും കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയും സമ്മാനം വിതരണം ചെയ്തു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

