ബാങ്ക് ഓഫ് ബറോഡ ഏറ്റെടുക്കൽ; ദോഫാർ ബാങ്കിന് സെൻട്രൽ ബാങ്കിന്റെ അംഗീകാരം
text_fieldsമസ്കത്ത്: ബാങ്ക് ഓഫ് ബറോഡയുടെ ഒമാൻ ബാങ്ക് ഏറ്റെടുക്കുന്ന വിഷയത്തിൽ ഒമാൻ സെൻട്രൽ ബാങ്കിന്റെ തത്ത്വത്തിലുള്ള അംഗീകാരം ബാങ്ക് ദോഫാറിന് ലഭിച്ചു. ഇന്ത്യൻ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഏറ്റെടുക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ഒക്ടോബറിൽ ബാങ്ക് ദോഫാർ പുറത്തുവിട്ടിരുന്നു. ഇതിനുള്ള പ്രാഥമിക അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി ഇരു പാർട്ടികളും ചില കാര്യങ്ങൾകൂടി പൂർത്തിയാവാനുണ്ടെന്ന് ബാങ്ക് ദോഫാർ വ്യക്തമാക്കിയതായി മസ്കത്ത് സ്റ്റോക്ക് എക്സ്ചേഞ്ചും വ്യക്തമാക്കി. ഈ നടപടി ക്രമങ്ങൾ പൂർത്തിയാവുന്നതോടെയാണ് ഏറ്റെടുക്കലിന് സെൻട്രൽ ബാങ്കിന്റെ അന്തിമ അംഗീകാരം ലഭിക്കുക.
ബാങ്ക് കൈമാറുന്നത് സംബന്ധമായ ആദ്യ വെളിപ്പെടുത്തൽ കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണുണ്ടായത്. ഇതനുസരിച്ച് ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ സ്വത്തുക്കളും ബാധ്യതകളും ബാങ്ക് ദോഫാറിനായിരിക്കും.
കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനുണ്ടായ പ്രഖ്യാപനം അനുസരിച്ച് ഒമാൻ ബാങ്കിങ് ബിസിനസ് മേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡയുടെ ഏറ്റെടുക്കലിന് തത്ത്വത്തിലുള്ള അംഗീകാരം ലഭിച്ചതായി ഓഹരി ഉടമകളെ അറിയിക്കുന്നുവെന്നാണ് ബാങ്ക് ദോഫാർ കഴിഞ്ഞ ദിവസം അറിയിച്ചത്.
ബാങ്ക് ഏറ്റെടുക്കലിന് ആവശ്യമായ മറ്റു നടപടികൾ പലതും നടപ്പാവാനുണ്ട്. അവസാന ഘട്ട ചർച്ചകൾക്കും അടച്ചു പൂട്ടൽ സംബന്ധമായ കരാറുകൾക്കും ശേഷമായിരിക്കും ഏറ്റെടുക്കൽ നടക്കുക. ബിസിനസ് കൈമാറ്റ കരാർ അടക്കമുള്ളവയും ഇതിൽ ഉൾപ്പെടും.
അതോടൊപ്പം ഒമാൻ സെൻട്രൽ ബാങ്കിന്റെയും മറ്റു അധികാരികളുടെയും അന്തിമ അംഗീകാരവും ആവശ്യമാണെന്ന് ദോഫാർ ബാങ്ക് ഓഫ് അധികൃതർ പറയുന്നു. ബാങ്ക് ബറോഡ ഒമാൻ ശാഖ നൽകുന്ന വിവരം അനുസരിച്ച് 113.35 ദശലക്ഷം റിയാലിന്റെ വരുമാനമാണുള്ളത്. ഈ വർഷം 31 വരെയുള്ള കാലയളവിലെ കണക്കാണിത്. വിദേശ രാജ്യങ്ങളിലെ ബാങ്കിന്റെ ശാഖകളെ നിയന്ത്രിക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ബാങ്ക് ഓഫ് ബറോഡ വിൽപന നടത്തുന്നതെന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ പറയുന്നത്.
ബാങ്കിന്റെ നയമനുസരിച്ച് എല്ലാ അന്താരാഷ്ട്ര ശാഖകളുടെയും വിലയിരുത്തലുകൾ നടന്നുവരുന്നകയാണ്. ഒമാനിലെ ആദ്യകാല ബാങ്കുകളിലൊന്നാണ് ബാങ്ക് ഓഫ് ബറോഡ. ആദ്യ കാലത്തുണ്ടായിരുന്ന പല ബാങ്കുകളും മറ്റു ബാങ്കുകളിൽ ലയിക്കുകയോ മറ്റു ബാങ്കുകൾ ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

