ബാങ്കിൽനിന്ന് പണമെടുത്ത് മടങ്ങിയയാളെ പിന്തുടർന്ന് 25,000 റിയാൽ കവർന്നു
text_fieldsമസ്കത്ത്: ബാങ്കിൽനിന്ന് പണമെടുത്ത് മടങ്ങുകയായിരുന്ന സ്വദേശിയെ പിന്തുടർന്ന് 25,000 റിയാൽ കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ വംശജനെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മോഷണം, നശീകരണ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാങ്കിൽനിന്ന് പണമെടുത്ത് വാഹനത്തിൽവെക്കുന്നത് മുതൽ പ്രതി സ്വദേശിയെ നിരീക്ഷിക്കുകയും പിന്തുടരുകയുമായിരുന്നു. സ്വദേശി വീടിനകത്തേക്ക് കയറിപ്പോയപ്പോൾ വാഹനത്തിെൻറ ചില്ല് തകർത്താണ് ഇയാൾ പണം കവർന്നത്.
പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ കൂടുതൽ വിചാരണക്കായി ജുഡീഷ്യൽ അധികൃതർക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു. വലിയ അളവിലുള്ള തുകയോ പണമടങ്ങിയ ബാഗുകളോ വാഹനത്തിൽ ഉപേക്ഷിച്ച് പോകരുതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിലപിടിപ്പുള്ള സാധനങ്ങളും വാഹനങ്ങളിൽ വെച്ചുപോകുന്ന സാഹചര്യം ഒഴിവാക്കണം. ബാങ്കുകളിൽനിന്ന് വലിയ തുക പിൻവലിക്കുന്നവർ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ പെരുമാറരുതെന്നും ആർ.ഒ.പി നിർദേശിച്ചു.
കഴിഞ്ഞ ആഗസ്റ്റിലും സമാന രീതിയിലുള്ള സംഭവം നടന്നിരുന്നു. ബോഷർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാങ്കിൽനിന്ന് 10,000 റിയാൽ പിൻവലിച്ച് മടങ്ങുകയായിരുന്നയാളെ പിന്തുടർന്ന മൂന്ന് അറബ് വംശജർ വീടിനു മുന്നിൽവെച്ച് വാഹനം തകർത്ത് കവർച്ച നടത്തുകയായിരുന്നു. അൽഖൂദിൽ കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവത്തിലാകെട്ട വാഹനത്തിൽനിന്ന് 20,000 റിയാലാണ് കവർന്നത്. ഇൗ കേസിൽ രണ്ട് ആഫ്രിക്കൻ വംശജരും പിടിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
