ബിനാമി വ്യാപാരം തടയൽ; രണ്ടാം ഘട്ടത്തിന് തുടക്കം
text_fieldsബിനാമി വ്യാപാരത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സംഘത്തിന്റെ യോഗത്തിൽനിന്ന്
മസ്കത്ത്: ബിനാമി വ്യാപാരം തടയുന്നതിനുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് അധികൃതർ. വാണിജ്യ രേഖകളുടെ ഓഡിറ്റിന്റെ ആദ്യ ഘട്ട ഫലങ്ങൾ വിലയിരുത്തുന്നതിനും രണ്ടാം ഘട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ ബിനാമി വ്യാപാരത്തിനെതിരെ പോരാടുന്നതിനുള്ള ദേശീയ സംഘത്തിന്റെ (നാഷണൽ ടീം ഫോർ കോംബാറ്റിങ് ഹിഡൻ ട്രേഡ്) രണ്ടാമത്തെ യോഗം നടന്നു. ഒമാനിലെ നിയമവിരുദ്ധ വാണിജ്യ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ള 412/2023 നമ്പർ മന്ത്രിതല പ്രമേയം നടപ്പിലാക്കുന്നതിന്റെ തുടർനടപടികൾക്കായാണ് യോഗം ചേർന്നത്. ആദ്യ ഘട്ടത്തിൽ നടപ്പാക്കിയ വാണിജ്യ രേഖകളുടെ ഓഡിറ്റ് ഫലങ്ങളുടെ വിശദമായ അവലോകനം സംഘം നടത്തി. രഹസ്യ വ്യാപാരങ്ങളിൽ (ബിനാമി)ഏർപ്പെട്ടിരിക്കുന്ന ചില സ്ഥാപനങ്ങൾ, പ്രത്യേകിച്ച് വിദേശ നിക്ഷേപകർക്ക് നിരോധിച്ചിരിക്കുന്നവ, നടത്തുന്ന നിയമവിരുദ്ധ വാണിജ്യ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും തിരിച്ചറിയുന്നതിലും ഗണ്യമായ പുരോഗതി കൈവരിച്ചതായി ചൂണ്ടിക്കാണിച്ചു.
സുൽത്താനേറ്റിലെ ബിസിനസ് അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ നിയമവിരുദ്ധ രീതികൾ പരിഹരിക്കുന്നതിനുള്ള വ്യക്തമായ പ്രതിബദ്ധതയാണ് ഈ ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് സംഘം ഊന്നിപ്പറഞ്ഞു. ബിനാമി വ്യാപാരം എന്ന് തരംതിരിച്ചിരിക്കുന്ന നിയമവിരുദ്ധ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിനായി, പരിശോധനാ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യ രേഖകൾ ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള വഴികളും യോഗം ചർച്ച ചെയ്തു. പ്രാദേശിക, വിദേശ നിക്ഷേപങ്ങൾക്ക് ന്യായവും ആകർഷകവുമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ബിനാമി വ്യാപാരത്തെ ചെറുക്കുന്നതിനുള്ള സമഗ്രമായ പദ്ധതി നടപ്പിലാക്കുന്നത് തുടരുന്നതിനുള്ള പ്രതിബദ്ധത ദേശീയ സംഘം അറിയിച്ചു. ഇത് സുസ്ഥിര വളർച്ചക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയും, ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും, വിപണിയിലെ അന്യായമായ മത്സരം പരിമിതപ്പെടുത്തുകയും ചെയ്യും. വാണിജ്യ ലംഘനങ്ങൾ തിരിച്ചറിയുന്നതിൽ പൊതു-സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തിന് വലിയ പ്രധാന്യമുണ്ടെന്ന് വാണിജ്യ ഡയറക്ടർ ജനറലും ദേശീയ ടീം മേധാവിയുമായ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്സി പറഞ്ഞു. നിയമവിരുദ്ധ വ്യാപാരത്തിന്റെ അപകടസാധ്യതകളെക്കുറിച്ചും മത്സരക്ഷമതയിലും നിക്ഷേപത്തിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും അവബോധം വളർത്തുന്നതിന് ലക്ഷ്യമിട്ടുള്ള കാമ്പെയ്നുകൾ നടപ്പിലാക്കി അടുത്ത ഘട്ടത്തിൽ ടീം പ്രവർത്തിക്കുന്നുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടു.
തൊഴിൽ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ടാക്സ് അതോറിറ്റി, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ, റോയൽ ഒമാൻ പൊലീസ്, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി എന്നിവയുൾപ്പെടെ ഒന്നിലധികം സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ദേശീയ സംഘത്തിലുണ്ട്.
അതേസമയം, ബിനാമി വ്യാപാരവുമായി ബന്ധപ്പെട്ട് നേരത്തെ 410 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. മസ്കത്ത്, ദോഫാർ, വടക്കൻ ബാത്തിന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 581 വാണിജ്യ കമ്പനികളെയാണ് പരിശോധനയിൽ ഉൾപ്പെടുത്തിയത്. 77 കമ്പനികൾ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, പാട്ടക്കരാറുകൾ തുടങ്ങിയ പ്രധാന രേഖകൾ സമർപ്പിച്ച് ഓഡിറ്റ് ആവശ്യകതകൾ നിറവേറ്റി. ബിനാമി വ്യാപാരം ഇല്ലാതാക്കുക, വിപണി നീതി പുനഃസ്ഥാപിക്കുക, നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവയാണ് പരിശോധന കാമ്പയിനിലൂടെ ലക്ഷ്യമിട്ടിരുന്നത്.
അതേസമയം, ബിനാമി വ്യപാരം തടയുന്നതിന്റെ ഭാഗമായി കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങണമെന്ന നിയമം കഴിഞ്ഞ വർഷം മുതൽ അധികൃതർ ശക്തമാക്കി തുടങ്ങിയിരുന്നു. ബിനാമി വ്യാപാരം സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിലുണ്ടാക്കിയ ദൂശ്യ ഫലങ്ങൾക്കെതിരെ പൗരന്മാർ നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് നടപടികളുണ്ടാവുന്നത്. ഏതെങ്കിലും വിദേശി തങ്ങൾക്ക് ചെയ്യാൻ അനുവാദമില്ലാത്ത ബിസിനസിലോ വാണിജ്യ കാര്യങ്ങളിലോ ഏതെങ്കിലും അംഗീകാരമുള്ള വ്യക്തിയുടെ ലൈസൻസോ വാണിജ്യ രജിസ്ട്രേഷനോ ഉപയോഗപ്പെടുത്തുന്നതാണ് ബിനാമി വ്യാപാരം.
ഇത്തരം വ്യാപാരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും ശ്രദ്ധയിൽ പെടുന്നവർ ഉടൻ മന്ത്രാലയത്തെ അറിയിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർ 5,000 റിയാൽ പിഴ അടക്കേണ്ടി വരും. നിയമ ലംഘനം രണ്ടാമതും ആവർത്തിക്കുകയാണെങ്കിൽ 10,000 റിയാലാണ് പിഴ. മുന്നാമതും ലംഘനം ആവർത്തിക്കുകയാണെങ്കിൽ 15,000റിയാൽ പിഴയോ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. അതോടൊപ്പം വാണിജ്യ രജിസ്ട്രേഷനിൽനിന്ന് നിയമം ലംഘനം നടത്തിയ വിഭാഗം ഒഴിവാക്കും. ഇവ രജിസ്റ്റർ ചെയ്യണമെങ്കിൽ ഒരു വർഷം കാത്തിരിക്കേണ്ടി വരികയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

