വിമാനയാത്രക്കാരുടെ ശ്രദ്ധക്ക്: അടുത്ത മാസം മുതൽ ലഗേജ് നിബന്ധനകളിൽ മാറ്റം
text_fieldsമസ്കത്ത്: സെപ്റ്റംബർ ഒന്നു മുതൽ ലഗേജ് നിബന്ധനകളിൽ മാറ്റംവരുത്തിയതായി ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി (ഒ.എ.എം.സി) അറിയിച്ചു. ഇതുപ്രകാരം പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുെകാണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധനത്തിെൻറ പരിധിയിൽ വരും. മസ്കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിൽനിന്നുള്ള എല്ലാ വിമാന സർവിസുകൾക്കും കാബിൻ ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും.
വ്യോമയാന വ്യവസായത്തിലെ ആഗോള പ്രവർത്തനരീതിക്ക് അനുസൃതമായി ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക ലക്ഷ്യമിട്ടാണ് നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന് ഒമാൻ എയർപോർട്ട് മാനേജ്മെൻറ് കമ്പനി അറിയിച്ചു. യാത്രക്കാർക്ക് എളുപ്പത്തിൽ ലഗേജുകൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം. മൊത്തം സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം ഇതുവഴി ഉറപ്പാക്കാൻ കഴിയും.
വിമാനത്താവള ഉദ്യോഗസ്ഥരെ സംബന്ധിച്ച് സുഗമമായ ചെക്ക് ഇൻ നടപടിക്രമങ്ങൾക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും കൂടുതൽ സുരക്ഷപരിശോധന ആവശ്യമുള്ള ലഗേജുകൾ എളുപ്പം ലഭിക്കാനും സഹായകരമാകും. വിമാനത്താവളങ്ങളുടെ ഉയർന്ന പ്രവർത്തന നിലവാരവും ഇതുവഴി ഉറപ്പാക്കാൻ കഴിയും. പരന്ന രീതിയിൽ അല്ലാത്ത ബാഗുകൾ അനുയോജ്യമായ സ്യൂട്ട്കേസുകളോ ട്രാവൽ ബാഗുകളോ ഉപയോഗിച്ച് റീപാക്ക് ചെയ്യണം. ബേബി സ്ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗ് എന്നിവ കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയിച്ചു.
വിമാനക്കമ്പനികൾ, ട്രാവൽ ഏജൻറുമാർ, ടൂറിസം വെബ്സൈറ്റുകൾ തുടങ്ങിയവയുമായി ചേർന്ന് പുതിയ ലഗേജ് നിബന്ധനകളെക്കുറിച്ച വിവരങ്ങൾ പരമാവധി യാത്രക്കാരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് വിമാനത്താവള കമ്പനി. സാമൂഹിക മാധ്യമങ്ങളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. 2019ഒാടെ ഒമാെൻറ വ്യോമഗതാഗതം 40 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത വർഷം മസ്കത്ത് വിമാനത്താവളത്തിെൻറ പുതിയ ടെർമിനലും ഉദ്ഘാടനം ചെയ്യപ്പെടും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തനരീതിയിലേക്ക് മാറുന്നതു വഴി ഒമാനിലെ വിമാനത്താവളങ്ങളെ 2020ഒാടെ ലോകത്തിലെ 20 മുൻനിര വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് എത്തിക്കുകയാണ് ഒ.എ.എം.സിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
