ആരോഗ്യ ബോധവത്കരണത്തിനായി ത്രീഡി വീഡിയോ സീരീസുമായി ബദർ അൽ സമ
text_fieldsമസ്കത്ത്: പൊതുജനാരോഗ്യ ബോധവൽകരണ രംഗത്ത് പുതിയ ചുവടുവെപ്പുമായി ബദർ അൽ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ്. സങ്കീർണമായ ആരോഗ്യ വിവരങ്ങൾ ലളിതമായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തയാറാക്കിയ ‘ഡോ. ബദർ അൽ സമാ ത്രിഡി ഹെൽത്ത് അവയർനസ് വീഡിയോ സീരീസ്’ ഔദ്യോഗികമായി പുറത്തിറക്കി. ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ പ്ലാനിങ് ആൻഡ് ഹെൽത്ത് റെഗുലേഷൻ അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് ബിൻ സലിം അൽ മൻദരി സീരീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ത്രിഡി ആനിമേഷനുകളുടെ സഹായത്തോടെ രോഗങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സകൾ, ജീവിതശൈലീ ക്രമീകരണങ്ങൾ എന്നിവ ലളിതമായി വിശദീകരിക്കുന്നതാണ് ഈ വീഡിയോ പരമ്പര. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ തയാറാക്കിയ വീഡിയോകൾ എല്ലാ തിങ്കളാഴ്ചയും ബദർ അൽ സമ ഗ്രൂപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിക്കും.
ആരോഗ്യ സംരക്ഷണത്തിൽ അവബോധത്തിനും വിദ്യാഭ്യാസത്തിനും വലിയ സ്ഥാനമുണ്ടെന്നും, കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ ഇത്തരം സംരംഭങ്ങൾ ജനങ്ങളെ സഹായിക്കുമെന്നും ചടങ്ങിൽ മുഖ്യാതിഥിയായ ഡോ. അഹമ്മദ് ബിൻ സലിം അൽ മൻദരി പറഞ്ഞു. ആരോഗ്യപരമായ അറിവില്ലായ്മ ചികിത്സാ വേളയിൽ രോഗികളിൽ ആശയക്കുഴപ്പമുണ്ടാക്കാറുണ്ടെന്നും, ഇത്തരം ഡിജിറ്റൽ ബോധവൽക്കരണ പരിപാടികൾ ആരോഗ്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി അഭിപ്രായപ്പെട്ടു.
ആരോഗ്യ സംരക്ഷണം എന്നത് ആശുപത്രിയിലെ ചികിത്സയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, രോഗം വരുന്നതിന് മുൻപ് ജനങ്ങളെ ബോധവൽക്കരിക്കുക എന്നത് പ്രധാനമാണെന്നും ബദർ അൽ സമാ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് ഉപ്പളയും ഡോ. പി.എ. മുഹമ്മദും പറഞ്ഞു. മെഡിക്കൽ വൈദഗ്ധ്യവും പൊതുജനങ്ങളുടെ ധാരണയും തമ്മിലുള്ള അകലം കുറക്കാൻ ഈ പദ്ധതി സഹായിക്കുമെന്ന് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫിർസാത്ത് ഹസനും മൊയ്തീൻ ബിലാലും വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി ഈ വീഡിയോ പരമ്പര വിപുലീകരിക്കാനാണ് ബദർ അൽ സമ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

