മോശം കാലാവസ്ഥ; നാളെ നിരവധി ഗവർണറേറ്റുകളിൽ ക്ലാസുകൾ ഓൺലൈനാകും
text_fieldsമസ്കത്ത്: മോശം കാലാവസ്ഥ തുടരുന്ന ഒമാനിലെ നിരവധി ഗവർണറേറ്റുകളിൽ ബുധനാഴ്ച പഠനം ഓൺലൈനാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച ദേശീയ അടിയന്തര മാനേജ്മെന്റ് സെന്റർ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂന മർദം തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
ബുധനാഴ്ച ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിൽ ഓൺലൈനായി ക്ലാസ് നടക്കും. കൂടാതെ, മസ്കത്ത് ഗവർണറേറ്റിലെ അൽ ആമിറാത്ത്, ഖുറയ്യത്ത് വിലായത്തുകളിലും ഇത് ബാധകമാണ്.
വ്യാഴാഴ്ച മുതൽ സാധാരണ രീതിയിൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളും അധ്യാപകരും ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു.
ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകൾ, മസ്കത്തിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കൻ ബാത്തിനയിലെ മലനിരകൾ എന്നിവിടങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴയും ഇടിയോടുകൂടിയ മഴയും സജീവ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ മസ്കത്ത്, മുസന്ദം, ബുറൈമി, വടക്കൻ ബാത്തിന, ദോഫാർ മേഖലകളിൽ ഇടക്കിടെ നേരിയതും മിതമായതുമായ മഴ ലഭിക്കാമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

