സാമൂഹിക ഉത്തരവാദിത്ത പദ്ധതി: മികച്ച കമ്പനികൾക്ക് ഉപഹാരം നൽകി
text_fieldsമസ്കത്ത്: സാമൂഹിക ഉത്തരവാദിത്ത പദ്ധതിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ഏർപ്പെടുത്തിയ അവാർഡ്ദാന ചടങ്ങ് സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ.യഹ്യ ബിൻ മഹ്ഫൂദ് അൽ മൻതരിയുടെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. ഒമാൻ എയർ, ഒമാൻ എൽ.എൻ.ജി, സലാല മെതേനാൾ കമ്പനി എന്നിവയാണ് പ്രധാനപ്പെട്ട അവാർഡുകൾ നേടിയത്. ഷെറാട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ മറ്റു നിരവധി ഒമാനി കമ്പനികളുടെ പ്രതിനിധികളെയും ആദരിച്ചു. കമ്പനികൾക്കുള്ള അംഗീകാരം എന്നതിന് അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ മറ്റുള്ളവരെ പ്രേരിപ്പിക്കലും ഇത്തരം അവാർഡുകളുടെ ലക്ഷ്യമാണെന്ന് ചടങ്ങിൽ സംസാരിച്ച ചേംബർ ചെയർമാൻ സഇൗദ് അൽ കിയൂമി പറഞ്ഞു. ചേംബറിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന പ്രാദേശിക, അന്തർദേശീയ കമ്പനികളെയെല്ലാം അവാർഡിന് പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു. സമൂഹേത്താടുള്ള ഉത്തരവാദിത്തങ്ങൾ കൂടുതലായി നിറവേറ്റാൻ അദ്ദേഹം കമ്പനികളോട് ആഹ്വാനം ചെയ്തു.
