അവനിർ 2022' കരിയർ ഗൈഡൻസിന് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ കീഴിൽ നടക്കുന്ന ആഗോള കരിയർ ഗൈഡൻസായ 'അവനിർ 2022'ന് ഇന്ത്യൻ സ്കൂൾ ബൗഷറിൽ വ്യാഴാഴ്ച തുടക്കമാകും. ഒമാൻ ഡെന്റൽ കോളജ് മസ്കത്ത് ഡീൻ ഡോ. നുതൈല അൽ ഹാർതി ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ.ശിവകുമാർ മാണിക്കം അധ്യക്ഷത വഹിക്കും. വിദ്യാർഥികളുടെ പ്രഫഷനൽ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും തൊഴിൽമേഖലയിൽ മികച്ച രീതിയിൽ മുന്നോട്ടുപോകാനും അവരെ സഹായിക്കുക എന്നതാണ് പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. ആറുദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഗുണകരമാകുന്ന നിരവധി സെഷനുകൾ ഒരുക്കിയിട്ടുണ്ട്.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കുപുറമെ, ഐ.സി.എസ്.ഇ, ഐ.ജി.സി.എസ്.ഇ, ഐ.ബി തുടങ്ങിയ മറ്റു സ്കൂൾ ബോർഡുകളിൽനിന്നുള്ള വിദ്യാർഥികളും പങ്കെടുക്കും. നിരവധി സർവകലാശാല പ്രതിനിധികളും കരിയർ വിദഗ്ധരും മേളയിൽ സംബന്ധിക്കും. ഇവരുമായൊക്കെ വിദ്യാർഥികൾക്ക് ആശയവിനിമയം നടത്താനും സാധിക്കും. വിദ്യാഭ്യാസ-തൊഴിലുമായി ബന്ധപ്പെട്ട ആഗോളതലത്തിലുള്ള അവസരങ്ങളും കാഴ്ചപ്പാടുകളും തുറന്നുകാണിക്കുന്നതായിരിക്കും പരിപാടി.

