ജോലിക്കാരില്ല, ഒമാനിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞു
text_fieldsബർക്കയിലെ ഒരു കൃഷിത്തോട്ടം ചിത്രം: സലാം ചുങ്കത്തറയിൽ
മസ്കത്ത്: ഒമാനിലെ പച്ചക്കറി ഫാമുകളിൽ ഇൗ സീസണിലെ പച്ചക്കറി ഉൽപാദനം ഗണ്യമായി കുറഞ്ഞു. കാർഷിക മേഖലയിൽ േജാലി ചെയ്യാൻ ആളെ കിട്ടാത്തതാണ് ഉൽപാദനം കുറയാൻ പ്രധാന കാരണം. താരതമ്യേന കൃഷിക്ക് അനുകൂലമായ കാലാവസ്ഥയായിട്ടും കാർഷിക േജാലിക്ക് ആളെ കിട്ടാത്തതിനാൽ ഉൽപാദനം കഴിഞ്ഞ വർഷത്തെക്കാൾ 30 ശതമാനം കുറഞ്ഞതായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കാർഷിക മേഖലയിൽ ബംഗ്ലാദേശികളും ഇന്ത്യക്കാരുമാണ് കാര്യമായി ജോലി ചെയ്യുന്നത്.
ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് ഇൗ മേഖലയിൽ ജോലിചെയ്യുന്ന നിരവധി പേരാണ് രാജ്യം വിട്ടത്. മറ്റു കാരണങ്ങളാൽ രാജ്യം വിട്ടവരുമുണ്ട്. പുതിയ വിസക്ക് തൊഴിലാളികളെ കൊണ്ടുവരാൻ ബുദ്ധിമുട്ടുള്ളതിനാൽ കാർഷിക മേഖലയിലുള്ളവർക്ക് ഉൽപാദനം കുറക്കുക മാത്രമാണ് പോംവഴി. അതിനാൽ കൃഷിഭൂമിയിൽ പൂർണമായി കൃഷി ചെയ്യാനും ഉടമകൾക്ക് കഴിയുന്നില്ല. തങ്ങളുടെ ഫാമിലെ 30 ശതമാനം തൊഴിലാളികൾ രാജ്യം വിട്ടതായി പ്രമുഖ ഫാം ഉടമ പ്രതികരിച്ചു. തൊഴിലാളികളുടെ കുറവ് കാരണം പല കൃഷികളും ഇറക്കിയിട്ടില്ല. കാർഷിക പരിപാലനത്തിനും വിളവെടുപ്പിനും ആവശ്യത്തിന് തൊഴിലാളികളില്ലെങ്കിൽ വൻ നഷ്ടം വരും. അതിനാൽ വിളവെടുപ്പിനും മറ്റും കൂടുതൽ തൊഴിലാളികൾ ആവശ്യമുള്ള കൃഷികൾ കുറച്ചിട്ടുണ്ട്. പച്ചമുളക്, പയർ, വെണ്ട തുടങ്ങിയ കൃഷികളുടെ വിളവെടുപ്പിന് കൂടുതൽ ജോലിക്കാർ ആവശ്യമാണ്.
അതിനാൽ ഇത്തരം കൃഷികൾ കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രണ്ട് ദിവസം തോറും ഇവയുടെ വിളവെടുപ്പുണ്ടായിരുന്നു. ഇൗ സീസണിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് വിളവെടുപ്പ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിളവെടുപ്പിന് താരതേമ്യന തൊഴിലാളികൾ കുറവ് ആവശ്യമുള്ള തക്കാളി അടക്കമുള്ളവയുടെ ഉൽപാദനം ഇൗ വർഷം കൂടുതലാണെന്നും ഒമാൻ തക്കാളിക്ക് ഇൗ വർഷം വില കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഒമാൻ പച്ചക്കറികൾ ഉൽപാദനം ആരംഭിക്കുന്ന ഡിസംബർ മുതൽ ഏപ്രിൽ വരെ സീസണിൽ ഒമാനിൽ പച്ചക്കറിക്ക് നല്ല വിലക്കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ, തൊഴിലാളി ദൗർലഭ്യം കാരണം ഇൗ വർഷം ഒമാനി പച്ചക്കറി ഉൽപന്നങ്ങൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ 15 ശതമാനം വില കൂടുതലാണ്. വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. നിലവിലെ അവസ്ഥയിൽ വിദേശ രാജ്യങ്ങളിൽനിന്ന് പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നതിന് ചെലവ് കൂടുമെന്ന് പഴം-പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിന് ചെലവ് വല്ലാതെ വർധിച്ചിട്ടുണ്ട്.
എയർ കാർഗോ നിരക്കുകൾ ഇപ്പോഴും ഉയർന്നുതന്നെയാണ് നിൽക്കുന്നത്. കപ്പൽ വഴി എത്തിക്കുന്നതിനുള്ള നിരക്കും വർധിച്ചിട്ടുണ്ട്. കണ്ടെയ്നർ നിരക്കുകൾ 20 ശതമാനം വർധിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്തുള്ള രാജ്യങ്ങളിൽനിന്ന് എത്തിക്കുന്നതിനും ഗതാഗത നിരക്കിൽ 20 ശതമാനത്തിലധികം വർധന ഉണ്ടായിട്ടുണ്ട്. ഇത്തരം കാരണങ്ങളാൽ വിദേശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറി ഉൽപന്നങ്ങൾക്ക് വില കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

