യാത്രക്കാരുടെ ശ്രദ്ധക്ക്... മസ്കത്ത്-സലാല റൂട്ടിൽ അപകടം പതിയിരിക്കുന്നു; വേണം ജാഗ്രത
text_fieldsമസ്കത്ത്-സലാല റോഡിൽനിന്നുള്ള കാഴ്ച (ഫയൽ)
മസ്കത്ത്: പെരുന്നാൾ അവധി തുടങ്ങിയതോടെ സലാല റൂട്ടിൽ അപകടങ്ങളും ആരംഭിച്ചു. കഴിഞ്ഞ ദിവസം മസ്കത്ത്- സലാല റൂട്ടിലുണ്ടായ അപകടം ആഘോഷത്തിന്റെ പൊലിമ കെടുത്തുന്നതായി. തുംറൈത്തിൽനിന്ന് 200 കിലോമീറ്റർ അകലെയുണ്ടായ വാഹനാപകടത്തിൽ നാല് മുംബൈ സ്വദേശികളടക്കം ആറ് പേർ മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യാത്രക്കാരെ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞിരുന്നു. മുൻ കാലങ്ങളിലും പെരുന്നാൾ അവധിക്കാലത്ത് നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ മലയാളികളടക്കമുള്ളവർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു. എന്നാൽ, അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചതിനാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അപകടങ്ങൾ കുറവായിരുന്നു.
മസ്കത്ത്-സലാല റൂട്ട് അപകടങ്ങൾ പതിയിരിക്കുന്നതാണ്. ശരിയായ ശ്രദ്ധയും ജാഗ്രതയുമില്ലെങ്കിൽ ഏത് സമയവും അപകടങ്ങൾക്ക് സാധ്യതയുണ്ട്. റോഡുകൾ ഒഴിഞ്ഞും ഒറ്റപ്പെട്ടും കിടക്കുന്നതിനാൽ അപകടം സംഭവിച്ചാൽ പുറം ലോകമറിയാൻ പോലും സമയമെടുക്കും. ചൂടുള്ള കാലാവസ്ഥയും അമിത വേഗവുമാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. റോഡിന്റെ ഇരു വശങ്ങളിലും അലഞ്ഞ് തിരിയുന്ന ഒട്ടകങ്ങളും കഴുതകളും അപകടങ്ങളിലേക്ക് നയിക്കുന്നവയാണ്.
മസ്കത്തിൽനിന്നും മറ്റും സലാലയിലേക്ക് റോഡ് വഴി പോവുന്നവർ മതിയായ മുൻകരുതലുകളെടുക്കണം. ബസുകളിലും വലിയ വാഹനങ്ങളിലും പോവുന്നതാണ് കൂടുതൽ സുരക്ഷിതം. ചെറിയ വാഹനത്തിൽ പോവുന്നവർ യാത്രക്ക് പരമാവധി ഫോർ വീലറുകൾതന്നെ ഉപയോഗിക്കണം. യാത്രക്ക് മുമ്പ് വാഹനത്തിന്റെ ടയറുകൾ, ബ്രേക്ക് തുടങ്ങിയവയെല്ലാം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. അപകടങ്ങൾക്ക് പ്രധാന കാരണം ടയറുകളാണ്. കേടുപാടുള്ളതും പഴയതും മാറ്റി പുതിയവ ഇടുകയും അധിക ടയർ കരുതുകയും വേണം.
യാത്രക്കാവശ്യമായ ഭക്ഷണം, വെള്ളം അടക്കമുള്ളവ കരുതുകയും വാഹനത്തിൽ ഇന്ധനം നിറക്കുകയും വേണം. ഒറ്റക്ക് പോവുന്നതിന് പകരം കുറെ വാഹനങ്ങൾ ഒന്നിച്ച് പോവുന്നതാണ് നല്ലത്. നാലും അഞ്ചും വാഹനങ്ങളുള്ള സംഘമായി പോവുന്നത് യാത്രയിലെ പ്രയാസങ്ങൾ കുറക്കാനും വാഹനങ്ങൾക്ക് തകരാറുകൾ സംഭവിച്ചാൽ പകരം സംവിധാനത്തിനും സഹായകമാവും. ഒരു വാഹനത്തിൽ ഒന്നിൽ കൂടുതൽ വാഹനം ഓടിക്കാൻ അറിയുന്നവർ ഉണ്ടാവുന്നത് നല്ലതാണ്. ഒരാൾ തന്നെ ദീർഘ നേരം വാഹനമോടിക്കുമ്പോഴുണ്ടാവുന്ന മടുപ്പും ക്ഷീണവും ഒഴിവാക്കാൻ ഇത് സഹായകമാവും.
കൂടെ യാത്ര ചെയ്യുന്നവരും ഉറക്കം പരമാവധി ഒഴിവാക്കുകയും വർത്തമാനങ്ങളും മറ്റുമായി സജീവമായിരിക്കുകയും വേണം. വാഹനത്തിന്റെ മുൻ സീറ്റിലുള്ളവർ ഒരിക്കലും ഉറങ്ങരുത്. ഇങ്ങനെ ഉറങ്ങുന്നത് വാഹനം ഓടിക്കുന്നവരിലും ഉറക്ക പ്രവണത ഉണ്ടാക്കും. ഉറക്കം അകറ്റാൻ ഫ്ലാസ്കിലും മറ്റും ചായയും കടല അടക്കമുള്ള കൊറിക്കുന്ന വസ്തുക്കളും കരുതാവുന്നതാണ്. ക്ഷീണം തോന്നുകയും ഉറക്കം വരുകയും ചെയ്യുമ്പോൾ വാഹനം നിർത്തിയിടുക.
വാഹനം അമിത വേഗത്തിൽ ഓടിക്കാതിരിക്കുകയും രാത്രി കാല ഓട്ടം ഒഴിവാക്കുകയും ചെയ്യുക. രാത്രി പത്തിനുശേഷം വാഹനം ഓടിക്കാതിരിക്കുക. ഇടക്കിടെ വാഹനത്തിന്റെ എൻജിന്റെ ചൂട് കാണിക്കുന്ന മീറ്റർ പരിശോധിക്കുകയും ഇത് വർധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. യാത്രക്കിടെ വാഹനം കുറച്ച് സമയം നിർത്തിയിടുന്നതും ടയറുകളും മറ്റും പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

