ജി.സി.സി രാജ്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിക്കണം; ഗൾഫ് സഹകരണ കൗൺസിൽ
text_fieldsമസ്കത്ത്: ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്കും പരമാധികാരത്തിനും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യു.എൻ സുരക്ഷാസമിതി അടിയന്തരമായി ഇടപെടണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മേഖലയുടെ സമാധാനത്തിനും ആഗോള സുരക്ഷക്കും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് സുരക്ഷാസമിതിക്ക് മുന്നിൽ നടത്തിയ വിശദീകരണത്തിലാണ് അദ്ദേഹം ജി.സി.സി രാജ്യങ്ങളുടെ ഏകീകൃത നിലപാട് അവതരിപ്പിച്ചത്.2026 ഫെബ്രുവരി 28 മുതൽ മേഖലയിൽ തുടരുന്ന യുദ്ധത്തിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജനിലയങ്ങൾ, വൈദ്യുതി-ജലശുദ്ധീകരണ കേന്ദ്രങ്ങൾ, ജനവാസ മേഖലകൾ എന്നിവ ആക്രമിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ആക്രമണങ്ങളിൽ ആളപായവും അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങളും ഉണ്ടായതായും ഗൾഫ് സമുദ്രത്തിലെ പരിസ്ഥിതിയെ ബാധിച്ചതായും ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങൾക്കും ജോർദാനും നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച യു.എൻ സുരക്ഷാസമിതി പ്രമേയം 2817 ഈ വർഷം പൂർണമായി നടപ്പാക്കണമെന്നും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമുദ്രഗതാഗതം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഭക്ഷ്യസുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതായി അൽ ബുദൈവി പറഞ്ഞു. ആഗോള വിതരണ ശൃംഖലകൾ താളംതെറ്റുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെയും വളങ്ങളുടെയും ലഭ്യത കുറയുന്നതും വികസ്വര രാജ്യങ്ങളിൽ പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനും കാരണമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.1982ലെ യു.എൻ സമുദ്രനിയമ കൺവെൻഷൻ പ്രകാരം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും വിമാനങ്ങൾക്കും കടലിടുക്കുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീൻ വിഷയത്തിൽ 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. ലബനന്റെയും സിറിയയുടെയും പരമാധികാരത്തിനും ഐക്യത്തിനും ജി.സി.സി പിന്തുണ പ്രഖ്യാപിച്ചു. ഇറാനുമായുള്ള ബന്ധം പരസ്പര ബഹുമാനത്തിന്റെയും നല്ല അയൽബന്ധത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

