ദുകം തുറമുഖത്തെ ആക്രമണം; ഒമാനും സൗഹൃദ രാജ്യങ്ങളും ശക്തമായി അപലപിച്ചു
text_fieldsമസ്കത്ത്: മേഖലയിൽ തുടരുന്ന സംഘർഷത്തിനിടെ ഞായറാഴ്ച ഒമാനെ ലക്ഷ്യം വെച്ച് നടന്ന ആക്രമണത്തിൽ ശക്തമായി അലപിച്ച് ഒമാനും അറബ് സൗഹൃദ രാജ്യങ്ങളും. ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്ന് പ്രതികരിച്ച ഒമാൻ, രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കി. അതേസമയം, ആക്രമണം ആരുടെ ഭാഗത്തുനിന്നാണ് എന്നതു സംബന്ധിച്ച് ഒമാൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഞായറാഴ്ച രാവിലെ ഒമാന്റെ തെക്കൻ തീരത്ത് ദുകം തുറമുഖത്താണ് ആദ്യ ആക്രമണം നടന്നത്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒമാന് വടക്ക് ഹോർമുസ് കടലിടുക്കിന് സമീപം ഖസബിൽ എണ്ണക്കപ്പലിനു നേരെയായിരുന്നു രണ്ടാമത്തെ ആക്രമണം.
ആക്രമണത്തിനിരയായ പലാവുവിന്റെ സ്കലൈറ്റ് എന്ന എണ്ണക്കപ്പലിൽ 15 ഇന്ത്യക്കാരും അഞ്ചു ഇറാനികളുമാണുണ്ടായിരുന്നത്. ഇതിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആവശ്യമായ ചികിത്സക്കായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് സാഹചര്യം വിലയിരുത്തുന്നതും തുടർനടപടികൾ ഏകോപിപ്പിക്കുന്നതും തുടരുകയാണെന്നും അന്വേഷണ പുരോഗതിക്കനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
കടൽമാർഗ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച ഒമാൻ, പ്രദേശത്ത് സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും ജാഗ്രത പുലർത്തുകയും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ശനിയാഴ്ച ഇറാനെതിരായ ഇസ്രായേൽ- യു.എസ് ആക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം ഇറാൻ വിലക്കിയിരുന്നു.
ഒമാനിലെ ദുകം വാണിജ്യ തുറമുഖത്തെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
സംഘർഷങ്ങൾ തടയാൻ ഒമാൻ നിർവഹിച്ചുവരുന്ന സജീവമായ മധ്യസ്ഥപങ്കിനെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങളെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ ഖത്തർ പറഞ്ഞു. പ്രാദേശിക സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സംവാദവും നയതന്ത്ര മാർഗങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഖത്തർ ആവർത്തിച്ചു.
ഒമാന് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സൗദി, സഹോദര രാജ്യമായ ഒമാന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒമാൻ സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും ഒമാനെ സഹായിക്കുന്നതിനായി രാജ്യം തങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഞായറാഴ്ച സൗദി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ഒമാനെതിരായ ആക്രമണത്തെ കുവൈത്തും ശക്തമായി അപലപിച്ചു. യു.എൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമങ്ങളടെയും ലംഘനമാണിതെന്ന് കുവൈത്ത് വിദേശ കാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഒമാന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് സമ്പൂർണ ഐക്യദാഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

