പ്രവാസത്തിന് വിരാമം; ഡോ. ബേബി സാം സാമുവൽ നാടണഞ്ഞു
text_fields‘നോളജ് ഒമാൻ’ സംരംഭത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. ബേബി സാം സാമുവലിനെ കമ്യൂണിറ്റി ലീഡർഷിപ് അവാർഡ് നൽകി ആദരിച്ചപ്പോൾ
മസ്കത്ത്: ഒമാനിലെ സാമൂഹിക, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ഡോ. ബേബി സാം സാമുവൽ നാടണഞ്ഞു. 18 വർഷത്തെ പ്രവാസജീവിതത്തിന് താൽക്കാലിക വിരാമമിട്ടാണ് കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഇദ്ദേഹം ഒമാൻ വിട്ടത്. 2004 ആഗസ്റ്റ് നാലിനാണ് ഇദ്ദേഹം ഒമാനിൽ എത്തുന്നത്. ഒരുവർഷം മാത്രം ജോലിചെയ്യുക എന്ന ഉദ്ദേശ്യത്തിലായിരുന്നു ഇവിടേക്കുള്ള വരവ്. എന്നാൽ, ഒമാനിലെ സാമൂഹിക ചുറ്റുപാടുകളും നല്ല ബന്ധങ്ങളുമാണ് 18 വർഷം ഇവിടെ പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ അമേരിക്കയിൽ പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ഒമാനുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി ഇന്റർടെകിൽ ജനറൽ മാനേജറായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡിൽ അഞ്ച് വർഷം ഡയറക്ടറായി പ്രവർത്തിക്കുകയും അതിൽ മൂന്ന് തവണ ബോർഡ് ചെയർമാനായും സേവനം ചെയ്തിട്ടുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്കായി സലാലയിലും മസ്കത്തിലുമുള്ള കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ (സി.എസ്.ഇ) സെന്ററുകളുടെ ഡയറക്ടറായും ആറുവർഷം പ്രവർത്തിച്ചു. അഞ്ചപ്പം എന്നപേരിൽ കേരളത്തിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന സാമൂഹിക സംരംഭത്തിന് ചുക്കാൻപിടിക്കുന്നതും ഇദ്ദേഹമാണ്.
ഇതിനകം നാല് ലക്ഷത്തിലധികം ആളുകൾക്ക് ഈ സംരംഭത്തിലൂടെ സൗജന്യഭക്ഷണം നൽകാനായി. കനമേതുമില്ലാതെ, ഗാന്ധി എന്നിങ്ങനെ രണ്ട് പുസ്തകവും രചിച്ചിട്ടുണ്ട്. ഡി.ഡി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'നോളജ് ഒമാൻ' സംരംഭത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ഡോ. ബേബി സാം സാമുവലിനെ കമ്യൂണിറ്റി ലീഡർഷിപ് അവാർഡ് നൽകി അടുത്തിടെ ആദരിച്ചിരുന്നു. പ്രസിഡന്റ് ബൽഖീസ് അൽ ഹസാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ താരിഖ് ഹിലാൽ അൽ ബർവാനിയാണ് അവാർഡ് സമ്മാനിച്ചത്. ഹേമയാണ് ഭാര്യ. മക്കൾ: ക്രിസ്, കാരൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

