ഒമാന്‍ ഒ.ഐ.സി.സിയുടെ ഇടപെടൽ; ഇസാറുദ്ദീൻ ഷെയ്ഖും ഹരി റാം മണ്ടിയും നാടണഞ്ഞു
text_fieldsഇസാറുദ്ദീൻ ഷെയ്ഖിനും ഹരി റാം മണ്ടിക്കും യാത്രക്കുള്ള രേഖകൾ ഒ.ഐ.സി.സി നേതാക്കൾ കൈമാറുന്നു
മസ്കത്ത്: ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പില്‍പെട്ട് ദുരിതത്തിലായ ഒഡിഷ, ഹിമാചല്‍ പ്രദേശ് സ്വദേശികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സഹായം ചെയ്ത് ഒമാന്‍ ഒ.ഐ.സി.സി.
ഏഴുമാസമായി ഇത്തിയില് ഭക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായിരുന്ന ഇസാറുദ്ദീൻ ഷെയ്ഖ്, ഹരി റാം മണ്ടി എന്നിവരാണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്.
തൊഴിലാളികള്‍ ദുരിതത്തില്‍ കഴിയുന്നതായി ശ്രദ്ധയില്‍പെട്ട ഒ.ഐ.സി.സി പ്രവര്ത്തകന് മനോഹരന് ഒ.ഐ.സി.സി നേതാവ് എൻ.ഒ. ഉമ്മനെ ബന്ധപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഒ.ഐ.സി.സി നേതാക്കളായ നിയാസ് ചെണ്ടയാട്, മമ്മൂട്ടി ഇടക്കുന്നം, നൗഷാദ് കീഴുന്ന, നസിര്‍ ഖാന് പത്തനംതിട്ട എന്നിവര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
1,75,000 രൂപ വീതം ഏജന്‍സിക്ക് നാട്ടില്‍ കൊടുത്താണ് തൊഴിലാളികള്‍ മസ്കത്തില് എത്തുന്നത്. ഇസ്കിയില്‍ എത്തിച്ചശേഷം കഴിഞ്ഞ ഏഴു മാസമായി ദിവസവും 12 മണിക്കൂറോളം ജോലി ചെയ്യിപ്പിച്ചു വരുകയായിരുന്നു. ഇരുവര്‍ക്കും ഈ കാലയളവില്‍ ആകെ കിട്ടിയത് 20 റിയാല്‍ മാത്രം. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ എത്തിയത് സന്ദര്‍ശക വിസയിലാണെന്ന് ബോധ്യമായെന്നും ഒ.ഐ.സി.സി നേതാക്കള്‍ പറഞ്ഞു.
തുടര്‍ന്ന്, ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും ഇവരുടെ വിഷയത്തില്‍ ഇടപെടുന്നതിന് ശ്രമം നടത്തുകയും ചെയ്തു. ഇതിന് ശേഷം, ഇരുവര്‍ക്കും ടിക്കറ്റുകള്‍ ലഭ്യമാക്കി ഞായറാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയില്‍ എത്തിച്ചു. അവിടെനിന്നും ഡല്‍ഹി വഴി സ്വന്തം നാടുകളില്‍ എത്തിയതായും ഒ.ഐ.സി.സി അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് സജി ഔസഫ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

